ഇറ്റലിയിലെ കാലാബ്രിയ മേഖലയിലെ കിഴക്കന്‍ തീരത്ത് കുടിയേറ്റക്കാരുമായി പോയ കപ്പല്‍ തകര്‍ന്ന് 30 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ക്രോട്ടോണ്‍ പ്രവിശ്യയിലെ കടല്‍ത്തീര റിസോര്‍ട്ടായ സ്റ്റെക്കാറ്റോ ഡി ക്യൂട്രോയുടെ തീരത്ത് 27 ഓളം മൃതദേഹങ്ങള്‍ കണ്ടെത്തി. കൂടുതലും കടലിലാണ് കണ്ടെത്തിയത്. മൂന്ന് മൃതദേഹങ്ങള്‍ വെള്ളത്തില്‍ കണ്ടെത്തിയതായി പ്രാദേശിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.
കുടിയേറ്റക്കാരെ വഹിച്ച ബോട്ടില്‍ 100-ലധികം പേര്‍ ഉണ്ടായിരുന്നതായും 50 ഓളം പേരെ രക്ഷപ്പെടുത്തിയതായും വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇറാന്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കടല്‍ പ്രക്ഷുബ്ദമായപ്പോള്‍ കപ്പല്‍ പാറയില്‍ ഇടിച്ച് തകര്‍ന്നതാവാമെന്നാണ് കരുതുന്നത്.
