മണ്‍ട്രിയോള്‍: മണ്‍ട്രിയോളിന് സമീപമുള്ള ബൂഷെര്‍വില്ലില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനവാസ മേഖലയിലൂടെ ചാടിനടക്കുന്ന അപൂര്‍വ്വ ജീവി വന്യമൃഗക്കടത്തിന്റെ ഗൗരവമേറിയ വശങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു. ഇതൊരു ചെറിയ ഇനം കംഗാരുവാണോ അതോ വാലബിയാണോ (Wallaby) എന്ന് പൂര്‍ണ്ണമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ചുവന്ന കംഗാരു (Red Kangaroo) ആകാനാണ് സാധ്യതയെന്ന് പ്രവിശ്യാ പരിസ്ഥിതി മന്ത്രാലയം വിലയിരുത്തുന്നു. വെള്ളിയാഴ്ച വയലിലൂടെ ഈ ജീവി ചാടിപ്പോകുന്ന ദൃശ്യങ്ങള്‍ നാട്ടുകാര്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
വളര്‍ത്തുമൃഗങ്ങളെ സൂക്ഷിക്കുന്ന ഒരു കുതിരാലയത്തില്‍ നിന്നാണ് ഈ ജീവി രക്ഷപ്പെട്ടതെന്നാണ് വിവരം. മതിയായ ലൈസന്‍സോ അംഗീകൃത സൗകര്യങ്ങളോ ഇല്ലാതെയാണ് ഇവിടെ ഈ വിദേശ ജീവിയെ പാര്‍പ്പിച്ചിരുന്നതെന്ന് മൃഗസംരക്ഷണ സംഘടനയായ ‘ഗലാഹാദ് എസ്.പി.സി.എ’ കണ്ടെത്തി. ഇതേത്തുടര്‍ന്ന് വന്യമൃഗ വേട്ട തടയുന്നതിനുള്ള സര്‍ക്കാര്‍ ഏജന്‍സിയെ ഇവര്‍ വിവരമറിയിക്കുകയായിരുന്നു. നിയമവിരുദ്ധമായാണ് മൃഗത്തെ സൂക്ഷിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി മന്ത്രാലയം സ്ഥിരീകരിച്ചു.

കാനഡയില്‍ വന്യമൃഗങ്ങളെയും വിദേശ ഇനം ജീവികളെയും അനധികൃതമായി കടത്തുന്ന വലിയൊരു മാഫിയ സജീവമാണെന്നതിന്റെ തെലിവാണിതെന്ന് ഗലാഹാദ് എസ്.പി.സി.എ ഡയറക്ടര്‍ ഷാമി ആഞ്ചെ കാഡറെറ്റ് പറഞ്ഞു. ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ പുലിക്കുട്ടികള്‍, കുരങ്ങുകള്‍, പാമ്പുകള്‍, കംഗാരുക്കള്‍ എന്നിവയെ വലിയ തുകയ്ക്ക് വില്‍ക്കാന്‍ വെച്ചിരിക്കുന്ന നിരവധി പരസ്യങ്ങള്‍ കാണാമെന്നും ഇതൊരു വന്‍ ലാഭമുള്ള കരിഞ്ചന്തയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ ഈ ജീവി ഹൈവേയ്ക്ക് സമീപമുള്ള പ്രദേശത്തായതിനാല്‍ വാഹനങ്ങള്‍ ഇടിക്കാന്‍ സാധ്യതയുണ്ടെന്നും ശീതകാലം ആരംഭിക്കുന്നതിന് മുന്‍പ് ഇതിനെ പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയില്ലെങ്കില്‍ അതിജീവനം അസാധ്യമാകുമെന്നും മൃഗസംരക്ഷകര്‍ ആശങ്കപ്പെടുന്നു. എന്നാല്‍ ലൈസന്‍സുള്ള മൃഗങ്ങളെ പിടികൂടാന്‍ സാധാരണക്കാര്‍ക്ക് നിയമപരമായ അനുമതിയില്ലാത്തതിനാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനായി കാത്തിരിക്കുകയാണ് ഇവര്‍. അതേസമയം, മൃഗം പൊതുജനങ്ങള്‍ക്ക് ഭീഷണിയല്ലെന്നും എന്നാല്‍ അതിനെ ഭയപ്പെടുത്താതിരിക്കാന്‍ ആളുകള്‍ ദൂരം പാലിക്കണമെന്നും പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
