കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ അധിക്ഷേപിച്ച് യുവാവ്. പൊതുസ്ഥലത്ത് ജനങ്ങളെ അഭിവാദ്യം ചെയ്ത് നടക്കുന്നതിനിടെയായിരുന്നു സംഭവം. ‘ഞാൻ നിങ്ങൾക്ക് കൈ തരില്ല, നിങ്ങൾ അഴുക്കാണ്’ എന്ന് പറഞ്ഞായിരുന്നു ആരംഭം. ഇത് കേട്ട് ട്രൂഡോ ഞെട്ടുകയും എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ചോദിക്കുകയും ചെയ്തു. നിങ്ങൾ രാജ്യം മുഴുവൻ താറുമാറാക്കിയെന്നാണ് യുവാവ് പറഞ്ഞത്. എങ്ങനെയാണ് താൻ രാജ്യം താറുമാറാക്കിയതെന്ന് ട്രൂഡോ ചോദിച്ചു. ആർക്കെങ്കിലും വീട് സ്വന്തമാക്കാൻ സാധിക്കുമോ എന്ന് അയാൾ ചോദിച്ചു. നിങ്ങൾ കാർബൺ ചാർജ് ചുമത്തി, അതേസമയം, വൻതോതിൽ കാർബൺ പുറന്തള്ളിക്കൊണ്ട് നിങ്ങളുടെ വാഹന വ്യൂഹം കടന്നു പോകുന്നു.

ഇതിനിടെ കാർബൺ ടാക്സിനെക്കുറിച്ച് വിശദീകരിക്കാൻ ട്രൂഡോ ശ്രമിച്ചു. എന്നാൽ ഞങ്ങൾ എന്തിനാണ് പണം അടയ്ക്കുന്നതെന്നായിരുന്നു ഇയാളുടെ ചോദ്യം. യുദ്ധം ആരംഭിച്ചതിനുശേഷം യുക്രെയ്ന് 10 ബില്യൻ ഡോളർ തുക അനുവദിച്ചത് എന്തിനാണ്. ഈ പണം യുക്രെയ്നിലേക്കാണോ അയച്ചത്, അതോ സ്വന്തം രാജ്യത്തെ കശാപ്പു ചെയ്യുന്ന വ്യക്തിക്കാണോ എന്നും അയാൾ ചോദിച്ചു. സംഭവത്തിന്റെ വിഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. നിരവധിപ്പേരാണ് ട്രൂഡോയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.
