ടൊറൻ്റോ : ഒൻ്റാരിയോ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആരോഗ്യ സംരക്ഷണം, ചെലവ് ചുരുക്കൽ, ഭവന നിർമ്മാണം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ച് പ്രധാന പാർട്ടി നേതാക്കൾ ചർച്ച നടത്തി.
നിലവിലെ വോട്ടെടുപ്പിൽ പ്രോഗ്രസീവ് കൺസർവേറ്റീവ് നേതാവ് ഡഗ് ഫോർഡ് മുന്നിലാണ്. എന്നാൽ, ഒൻ്റാരിയോ ഡിസെബിലിറ്റി സപ്പോർട്ട് പ്രോഗ്രാം പേയ്‌മെന്റുകളുടെ നിരക്കുകളെക്കുറിച്ച് ഗ്രീൻ പാർട്ടി ലീഡർ മൈക്ക് ഷ്രെയ്നർ ചോദിച്ചപ്പോൾ അത് ഒരു തർക്ക വിഷയമായി മാറി. ഗ്രീൻ പാർട്ടി, എൻഡിപി, ലിബറൽ പാർട്ടി നേതാക്കൾ ODSP നിരക്കുകൾ ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ, പണപ്പെരുപ്പത്തിന് അനുസൃതമായി തന്റെ സർക്കാർ പേയ്‌മെന്റുകൾ സൂചികയിലാക്കിയാട്ടുണ്ടെന്ന് ഫോർഡ് പ്രതികരിച്ചു.

കൂടാതെ, വാടക നിയന്ത്രണം തിരികെ കൊണ്ട് വരുമെന്ന് എൻഡിപി നേതാവ് മാരിറ്റ് സ്റ്റൈൽസും, ആദായനികുതി കുറയ്ക്കുമെന്ന് ലിബറൽ നേതാവ് ബോണി ക്രോംബിയും വാഗ്ദാനം ചെയ്തു. അതേസമയം, ചർച്ചയിൽ സംരക്ഷിത ഗ്രീൻബെൽറ്റ് ഭൂമിയിൽ വീടുകൾ നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചും പരാമർശിച്ചു. ഫെബ്രുവരി 27-നാണ് ഒൻ്റാരിയോ തിരഞ്ഞെടുപ്പ് നടക്കുന്നത്.
