ഓട്ടവ : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും യുഎസ് താരിഫുകളെയും കുറിച്ചു നടത്തിയ സർവേയിൽ ഒരേ അഭിപ്രായം പങ്കുവച്ച് കാനഡ-മെക്സിക്കോ പൗരന്മാർ. യുഎസ് താരിഫുകൾക്ക് പകരമായി ‘ഡോളർ ഫോർ ഡോളർ’ നിരക്കിൽ ലെവി ചുമത്തുന്നതിനെ 81% കാനഡക്കാരും 76% മെക്സിക്കോക്കാരും അനുകൂലിക്കുന്നതായി ലെഗർ നടത്തിയ പുതിയ സർവേയിൽ പറയുന്നു.
മാർച്ച് 26 മുതൽ മാർച്ച് 31 വരെ, കാനഡയിലെ 1,628 പേരെയും 1,013 അമേരിക്കക്കാരെയും 1,003 മെക്സിക്കോക്കാരെയും ഉൾപ്പെടുത്തി മാർക്കറ്റ് റിസർച്ച് കമ്പനി, “ത്രീ അമിഗോസ് സർവേ” എന്ന പേരിൽ മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അഭിപ്രായം ആരാഞ്ഞു. സർവേയിൽ പങ്കെടുത്ത പകുതിയിൽ താഴെ (48%) പേർക്ക് മാത്രമേ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെക്കുറിച്ച് മോശം അഭിപ്രായമുള്ളൂവെന്നും കണ്ടെത്തി. മിക്ക കാനഡക്കാരുടെയും (64%) മെക്സിക്കോക്കാരുടെയും (59%) പ്രതിഷേധം ട്രംപിനോടാണെന്നും അമേരിക്കയോടല്ലെന്നും സർവേ പറയുന്നു.

കനേഡിയൻ ജനതയിൽ പകുതിയോളം പേർ (43%) ഇപ്പോഴും യുഎസിനെ ഒരു ‘ശത്രു രാജ്യമായി’ കാണുമ്പോൾ 60% ജനങ്ങൾ റഷ്യയെയാണ് വെറുക്കുന്നത്. അതേസമയം, 35% മെക്സിക്കോക്കാരും യുഎസിനെ ഒരു “ശത്രു രാജ്യം” ആയി കണക്കാക്കുന്നു. അവരുടെ ശത്രു രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് യുഎസ്.
സർവേയിൽ പങ്കെടുത്ത കാനഡക്കാരിൽ പകുതിയോളം പേർക്കും (46%) ലിബറൽ ലീഡർ മാർക്ക് കാർണിയോട് അനുകൂലമായ അഭിപ്രായമാണുള്ളത്. അതേസമയം, മൂന്നിൽ രണ്ട് അമേരിക്കക്കാരും (66%) മെക്സിക്കോക്കാരും (63 ശതമാനം) അദ്ദേഹത്തെ അറിയില്ലെന്ന് പ്രതികരിച്ചതായി റിപ്പോർട്ട് പറയുന്നു.
