സെൻ്റ് ജോൺസ് : കടുത്ത ചൂടും വരണ്ട കാലാവസ്ഥയും തുടരുന്ന പ്രവിശ്യയിൽ തീപിടുത്ത നിരോധനം ലംഘിക്കുന്നവർക്കുള്ള പിഴ ഉയർത്തി ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ സർക്കാർ. ആദ്യ കുറ്റത്തിനുള്ള പിഴ 75 ഡോളറിൽ നിന്ന് 50,000 ഡോളറായി ഉയരുമെന്നും പിഴ അടയ്ക്കാത്തവർക്ക് ആറ് മാസം വരെ തടവ് ലഭിക്കുമെന്നും പ്രീമിയർ ജോൺ ഹൊഗാൻ അറിയിച്ചു. രണ്ടാമത്തെ കുറ്റത്തിനുള്ള പിഴ 150 ഡോളറിൽ നിന്ന് 75,000 ഡോളറായി ഉയരും. മൂന്നാമത്തെ ലംഘനത്തിന് 150,000 ഡോളർ വരെ പിഴ ഈടാക്കുമെന്നും പ്രീമിയർ പറഞ്ഞു. പണം നൽകിയില്ലെങ്കിൽ ഒരു വർഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. കാട്ടുതീ പടരുന്നതിന്‍റെ ഗൗരവം മനസിലാക്കാതെ ജനങ്ങൾ തീയിടുകയും ചില സന്ദർഭങ്ങളിൽ മനഃപൂർവ്വം തീയിടുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ ലഭിച്ചതായി ജോൺ ഹൊഗാൻ പറയുന്നു. ഇതിനാലാണ് പിഴ തുക വർധിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കൺസെപ്ഷൻ ബേയുടെ പടിഞ്ഞാറൻ തീരത്ത് നിയന്ത്രണാതീതമായി കത്തിക്കൊണ്ടിരുന്ന പ്രവിശ്യയിലെ ഏറ്റവും വലിയ കാട്ടുതീ ഒറ്റരാത്രികൊണ്ട് ഏകദേശം 28 ചതുരശ്ര കിലോമീറ്ററായി വളർന്നു. ഇതോടെ നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. കൂടാതെ കാട്ടുതീ കാരണം കിഴക്കൻ ന്യൂഫിൻലൻഡിലെ എട്ട് ചെറിയ കമ്മ്യൂണിറ്റികളിൽ ഒഴിപ്പിക്കൽ ഉത്തരവും നൽകിയിട്ടുണ്ട്. ചില വീടുകളും മറ്റ് കെട്ടിടങ്ങളും കത്തി നശിച്ചതായും റിപ്പോർട്ടുണ്ട്.
