മിനിയാപോളിസ് : യു എസിലെ മിനിയാപൊളിസിൽ കത്തോലിക്കാ സ്കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ അക്രമിയും ഉൾപ്പെടുന്നതായി മിനസോട ഗവർണർ ടിം വാൽസ് അറിയിച്ചു. സ്കൂളിൽ പ്രഭാത പ്രാർത്ഥന നടക്കുന്ന സമയത്താണ് വെടിവെപ്പുണ്ടായത്. കുട്ടികളും അധ്യാപകരും ഉൾപ്പെടെ നിരവധി പേർ പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നു. 20 വയസ്സ് പ്രായമുള്ള അക്രമി പള്ളിയുടെ ജനാലകളിലൂടെ വെടിയുതിർക്കുകയും തുടർന്ന് സ്വയം ജീവനൊടുക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

മിനിയാപോളിസിലെ ആൻസിയേഷൻ കത്തോലിക്കാ സ്കൂളിലാണ് വെടിവെപ്പുണ്ടായത്. 395 വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സ്വകാര്യ എലിമെന്‍ററി സ്കൂളാണിത്. സ്കൂൾ തുടങ്ങി രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് വെടിവെപ്പ് നടന്നത്. 1923-ൽ സ്ഥാപിതമായ ഈ സ്കൂളിൽ പ്രീ-കിൻ്റർഗാർട്ടൻ മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്നുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മിനിയാപോളിസ് നഗരത്തിൽ നിരവധി വെടിവെപ്പുകൾ ഉണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മിനിയാപോളിസിലെ ഒരു ഹൈസ്കൂളിന് പുറത്തുണ്ടായ വെടിവെപ്പിൽ ഒരാൾ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. മണിക്കൂറുകൾക്ക് ശേഷം നഗരത്തിലുണ്ടായ മറ്റ് രണ്ട് വെടിവെപ്പുകളിൽ രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു.
