കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രൊഫസര്‍ ടി.ജെ. ജോസഫ് മത്സരിച്ചേക്കുമെന്ന് സൂചന. പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദികളുടെ ആക്രമണത്തിന് ഇരയായ തൊടുപ്പുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായ ടിജെ ജോസഫിനെ രംഗത്തിറക്കി മണ്ഡലത്തില്‍ നിര്‍ണ്ണായക മുന്നേറ്റം നടത്താനാണ് ബിജെപിയുടെ നീക്കം. ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ആരംഭിച്ചതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

അധ്യാപകന്‍ തയ്യാറാക്കിയ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്നാരോപിച്ചായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കൈവെട്ടി മാറ്റിയത്. കേസിലെ പ്രധാന പ്രതികളെല്ലാം ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ടി.ജെ. ജോസഫിനെ രാഷ്ട്രീയത്തിലേക്ക് എത്തിക്കാനുള്ള നീക്കം ബിജെപി ഊര്‍ജ്ജിതമാക്കിയത്.
തീവ്രവാദ വിരുദ്ധ നിലപാടും വ്യക്തിപരമായ അതിജീവനവും ഉയര്‍ത്തിക്കാട്ടി ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കാനുള്ള പാര്‍ട്ടിയുടെ ശ്രമങ്ങള്‍ക്ക് ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം കരുത്ത് പകരുമെന്നും നേതൃത്വം കരുതുന്നു.
