കാൽഗറി: സൗത്ത് ഏഷ്യൻ സമൂഹത്തെ ലക്ഷ്യം വെച്ചുള്ള കൊള്ളയടിയും വെടിവെപ്പും വർധിക്കുന്ന സാഹചര്യത്തിൽ അന്വേഷണം ഊർജ്ജിതമാക്കി കാൽഗറി പൊലീസ്. കഴിഞ്ഞ ശനിയാഴ്ച രാത്രി നോർത്ത് ഈസ്റ്റ് മേഖലയിലെ റെഡ്സ്റ്റോൺ കോമണിലുള്ള ഒരു വീടിന് നേരെ വ്യാപകമായ വെടിവെപ്പുണ്ടായതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. ഏകദേശം പത്തരയോടെ നടന്ന ആക്രമണത്തിൽ വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. സമാനമായ രീതിയിൽ ടാരാഡേൽ കമ്മ്യൂണിറ്റിയിലും മറ്റൊരു വെടിവെപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങളും പണം തട്ടിയെടുക്കാനുള്ള കൊള്ള സംഘങ്ങളുടെ ഭീഷണിയുടെ ഭാഗമാണെന്നാണ് പൊലീസ് പറയുന്നു.

2025 ജൂലൈ മുതൽ കാൽഗറിയിലെ സൗത്ത് ഏഷ്യൻ സമൂഹത്തെ ലക്ഷ്യം വെച്ച് 12 കൊള്ളയടി ശ്രമങ്ങൾ നടന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഇതിൽ ഒമ്പത് സംഭവങ്ങളിലും വീടുകൾക്കോ ബിസിനസ്സ് സ്ഥാപനങ്ങൾക്കോ വാഹനങ്ങൾക്കോ നേരെ വെടിവെപ്പുണ്ടായിട്ടുണ്ട്. അടുത്തിടെ കാനഡ ഭീകര സംഘടനയായി പ്രഖ്യാപിച്ച ‘ലോറൻസ് ബിഷ്ണോയ്’ സംഘത്തിന്റെ പേര് ഉപയോഗിച്ചാണ് അക്രമികൾ ഭീഷണിപ്പെടുത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. എഡ്മിന്റൻ, സറേ, ബ്രാംപ്ടൺ, വിനിപെഗ് തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ അക്രമങ്ങൾ അരങ്ങേറുന്നുണ്ട്. ഇത് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പോരാട്ടമല്ലെന്നും മറിച്ച് സാധാരണക്കാരായ ബിസിനസ്സുകാരെയും സിഖ് സംഘടനാ പ്രവർത്തകരെയുമാണ് ഇവർ ലക്ഷ്യമിടുന്നതെന്നും ആൽബർട്ട വേൾഡ് സിഖ് ഓർഗനൈസേഷൻ പ്രതിനിധി ജസ്കരൻ സന്ധു പറഞ്ഞു. പ്രധാനമായും സിഖ്-കനേഡിയൻ സമൂഹത്തെ വേട്ടയാടുന്ന ഈ പ്രവണത ജനങ്ങൾക്കിടയിൽ വലിയ ഭീതിയാണ് പടർത്തുന്നത്. റസ്റ്ററന്റ് ഉടമകൾ, ഗ്രോസറി വ്യാപാരികൾ, വീട് നിർമ്മാതാക്കൾ എന്നിവർക്കെല്ലാം ഇത്തരം ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും സന്ധു വ്യക്തമാക്കി.
അക്രമികളുടെ ഭീഷണികൾക്കോ പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾക്കോ യാതൊരു കാരണവശാലും മറുപടി നൽകരുതെന്ന് പൊലീസ് നിർദ്ദേശിച്ചു. സംശയാസ്പദമായ ഫോൺ കോളുകളും സന്ദേശങ്ങളും ലഭിച്ചാൽ ഉടൻ രേഖപ്പെടുത്തണമെന്നും വ്യക്തിഗത വിവരങ്ങളോ പണമോ കൈമാറരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 403-266-1234 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്സ് വഴിയോ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് കാൽഗറി പൊലീസ് അഭ്യർത്ഥിച്ചു.
