Wednesday, April 22, 2026

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്ഫോടനം: സംഭവസ്ഥലത്ത് കഡാവര്‍ നായ്ക്കളെ കൊണ്ടുവന്നുള്ള പരിശോധന ആരംഭിച്ചു

തൃശൂര്‍: തൃശ്ശൂരില്‍ തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കോപ്പ് നിര്‍മ്മാണത്തിനിടെ സ്ഫോടനം നടന്ന സ്ഥലത്ത് ഇന്ന് വിദഗ്ധ പരിശോധന നടക്കും. കൂടുതല്‍ മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ ഉണ്ടോ എന്ന് കണ്ടെത്താന്‍ കഡാവര്‍ നായ്ക്കളെ കൊണ്ടുവന്നുള്ള പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ സ്ഥലത്തെത്തിച്ചത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ശരീരഭാഗങ്ങള്‍ ദൂരേക്ക് ചിന്നിച്ചിതറിയതിനാല്‍, ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും ശാസ്ത്രീയ പരിശോധനകളും സമാന്തരമായി പുരോഗമിക്കുന്നു.

നിലവില്‍ 13 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ ഒന്‍പത് മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും അഞ്ചെണ്ണം തിരിച്ചറിയുകയും ചെയ്തു. തിരിച്ചറിഞ്ഞവരില്‍ മൂന്ന് പേരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സ്‌ഫോടനസ്ഥലത്തുനിന്ന് 23 ഓളം മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവ ആരുടേതാണെന്ന് വ്യക്തമാക്കാന്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയില്‍ നിന്നുള്ള വിദഗ്ധര്‍ എത്തി ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കും.

പരിക്കേറ്റ 13 പേര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. സ്‌ഫോടനത്തിന്റെ കൃത്യമായ കാരണവും അപകടസമയത്ത് അവിടെയുണ്ടായിരുന്നവരുടെ എണ്ണവും സംബന്ധിച്ച ദുരൂഹതകള്‍ നീക്കാന്‍ ഫൊറന്‍സിക് സംഘവും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!