ഹാലിഫാക്സ്: ഹാലിഫാക്സ് റീജനൽ മുനിസിപ്പാലിറ്റി (HRM) ഡൗൺടൗൺ മേഖലകളിൽ വാരാന്ത്യ പാർക്കിങ് നിയന്ത്രണം ശക്തമാക്കി. പുതിയ മാറ്റങ്ങൾ അനുസരിച്ച് ഹാലിഫാക്സ്, ഡാർട്ട്മൗത്ത് (Dartmouth) എന്നീ നഗരങ്ങളിലെ തിരക്കേറിയ ഡൗൺടൗൺ സോണുകളിൽ ശനിയാഴ്ചകളിലും പണം നൽകി മാത്രമേ തെരുവിൽ പാർക്ക് ചെയ്യാൻ സാധിക്കൂ.
പുതിയ സംവിധാനം ജൂലൈ 18 മുതൽ നിലവിൽ വരും.പാർക്കിങ് സോണുകളായ ബി, സി, എച്ച് എന്നിവിടങ്ങളിൽ എല്ലാ ശനിയാഴ്ചകളിലും രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പാർക്കിങ് നിരക്ക് ബാധകമാകും. ആദ്യ ഒരു മണിക്കൂർ സൗജന്യമായിരിക്കും. തുടർന്ന് മണിക്കൂറിന് രണ്ട് കനേഡിയൻ ഡോളർ എന്ന ഏകീകൃത നിരക്കാണ് ഈടാക്കുക.ആഴ്ചയിലെ മറ്റ് ദിവസങ്ങളിലേതുപോലെ തന്നെ പാർക്കിങ് പേസ്റ്റേഷനുകളിലൂടെയോ ഹോട്ട്സ്പോട്ട് (HotSpot) മൊബൈൽ ആപ്പിലൂടെയോ പാർക്കിങ് സെഷൻ ആരംഭിക്കേണ്ടതുണ്ടെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

വാരാന്ത്യങ്ങളിൽ പാർക്കിങ് സ്ഥലങ്ങളിലുണ്ടാകുന്ന ഉയർന്ന തിരക്ക് നിയന്ത്രിക്കാനും വാഹനങ്ങളുടെ വരവും പോകലും സുഗമമാക്കാനും ഹ്രസ്വസമയ പാർക്കിങ് കൂടുതൽ ആളുകൾക്ക് ലഭ്യമാക്കാനുമാണ് പുതിയ സംവിധാനമെന്ന് അധികൃതർ വ്യക്തമാക്കി. ഇതുവഴി സമീപത്തെ കടകൾ, സേവന കേന്ദ്രങ്ങൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെത്തുന്നവർക്കും കൂടുതൽ സൗകര്യമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, പുതിയ പാർക്കിങ് ഫീസിനെതിരെ വ്യാപാര സംഘടനകൾ രംഗത്തെത്തി. ശനിയാഴ്ചകളിലെ പെയ്ഡ് പാർക്കിങ് ഡൗൺടൗണിലേക്കുള്ള സന്ദർശകരുടെ എണ്ണം കുറയ്ക്കുമെന്നും പ്രാദേശിക വ്യാപാര സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.
ജൂലൈ 18-ന് മുമ്പായി പുതിയ സംവിധാനത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് ബോർഡുകൾ വിവിധ പാർക്കിങ് മേഖലകളിൽ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
