തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റ് മന്ത്രിമാരും സെക്രട്ടേറിയറ്റിലെ ഓഫീസുകളിലെത്തി ഔദ്യോഗികമായി ചുമതലയേറ്റു. നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതേ ബ്ലോക്കിന്റെ രണ്ടാം നിലയിലായിരിക്കും മന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫീസ് പ്രവര്‍ത്തിക്കുക. മുന്‍പ് മന്ത്രിമാരായിരുന്ന മുതിര്‍ന്ന നേതാക്കള്‍ തങ്ങള്‍ നേരത്തെ ഉപയോഗിച്ചിരുന്ന ഓഫീസുകള്‍ തന്നെയാണ് ഇത്തവണയും ആവശ്യപ്പെട്ട് വാങ്ങിയത്. ഓഫീസ് ചുമതലയേറ്റലിന് പിന്നാലെ പുതിയ മന്ത്രിസഭയുടെ ആദ്യ യോഗം അല്പസമയത്തിനകം സെക്രട്ടേറിയറ്റില്‍ ചേരും.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് മുഖ്യമന്ത്രിയടക്കം 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുഖ്യമന്ത്രിക്ക് ആദ്യമായി സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരന്, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സി.പി. ജോണ്‍, എ.പി. അനില്‍ കുമാര്‍, എന്‍. ഷംസുദ്ദീന്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം. ഷാജി, പി.കെ. ബഷീര്‍, വി.ഇ. അബ്ദുല്‍ ഗഫൂര്‍, ടി. സിദ്ദിഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവര്‍ യഥാക്രമം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം പുതിയ മന്ത്രിമാര്‍ ഗവര്‍ണറുടെ രാജ്ഭവനില്‍ ഒരുക്കിയ ചായസല്‍ക്കാരത്തിലും പങ്കെടുത്തു.

ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുടെ വന്‍ നിരയാണ് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ തലസ്ഥാനത്ത് എത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് പുറമെ വിവിധ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ചരിത്രപരമായ ഈ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ജനങ്ങളാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.
