Monday, May 18, 2026

”ഇറാന്റെ സമയം അടുത്തു, തീരുമാനം വൈകിയാല്‍ ഒന്നും അവശേഷിപ്പിക്കില്ല”: ട്രംപ്

വാഷിങ്ടണ്‍: ചര്‍ച്ചകളില്‍ ഉടന്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ സമയം അതിവേഗം അവസാനിക്കുകയാണെന്നും അവര്‍ എത്രയും വേഗം ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നതാണ് നല്ലതെന്നും ട്രംപ് വ്യക്തമാക്കി. സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലില്‍’ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഇറാന് നേരെ കടുത്ത ഭീഷണി മുഴക്കിയത്.

ഇറാനെ സംബന്ധിച്ചിടത്തോളം സമയം അതിവേഗം മിടിക്കുകയാണെന്നും തീരുമാനം എടുക്കാന്‍ വൈകിയാല്‍ അവര്‍ക്കായി ഒന്നും അവശേഷിപ്പിക്കില്ലെന്നും ട്രംപ് കുറിച്ചു. ചര്‍ച്ചകള്‍ വൈകുന്നതില്‍ വാഷിങ്ടണിനുള്ള കടുത്ത അതൃപ്തി വ്യക്തമാക്കുന്നതായിരുന്നു ട്രംപിന്റെ പോസ്റ്റ്. ഇതിനുപുറമേ, ഇറാനില്‍ ആണവായുധം പ്രയോഗിച്ചാലുണ്ടാകുന്ന തരത്തിലുള്ള ഒരു എഐ നിര്‍മിത ചിത്രവും ട്രംപ് തന്റെ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഇത് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു കഴിഞ്ഞു.

അതേസമയം, മറ്റൊരു ആഗോള യുദ്ധമുഖത്ത് റഷ്യ യുക്രെയ്നെതിരെ വന്‍ വ്യോമാക്രമണം അഴിച്ചുവിട്ടു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യുക്രെയ്ന്‍ നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു റഷ്യന്‍ ആക്രമണം. യുക്രെയ്‌നിലെ പ്രമുഖ നഗരങ്ങളായ ഒഡെസയിലും ഡിനിപ്രോയിലും രാത്രി മുഴുവന്‍ ശക്തമായ ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയ്ക്ക് നേരെ യുക്രെയ്ന്‍ വിപുലമായ ഡ്രോണാക്രമണം നടത്തിയിരുന്നു. ഇതിന് കടുത്ത പ്രതികാരമായാണ് ഇപ്പോള്‍ റഷ്യയുടെ ഭാഗത്തുനിന്നും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ഈ വന്‍ തിരിച്ചടി ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇരു മേഖലകളിലും സംഘര്‍ഷം കൂടുതല്‍ വഷളാകുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!