Monday, May 18, 2026

ഇറാനെതിരെ ഉടന്‍ ആക്രമണം?; ഇസ്രയേല്‍ സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

ടെല്‍ അവീവ് : പശ്ചിമേഷ്യയില്‍ വീണ്ടുമൊരു യുദ്ധത്തിന്റെ കാഹളമുയര്‍ത്തി ഇറാനെതിരെ ഇസ്രയേല്‍ സൈന്യത്തിന് അതീവ ജാഗ്രതാ നിര്‍ദേശം. ഇറാനെതിരായ പുതിയ സൈനിക നടപടികള്‍ക്കും ആക്രമണങ്ങള്‍ക്കുമായി പൂര്‍ണ്ണ സജ്ജമായിരിക്കാന്‍ ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് നിര്‍ദേശം ലഭിച്ചതായാണ് പുറത്തുവരുന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറാന്റെ ഊര്‍ജ്ജ അടിത്തറ തകര്‍ക്കുന്ന രീതിയില്‍ അവരുടെ പ്രധാന ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടായിരിക്കും ഇത്തവണത്തെ ആക്രമണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ഞായറാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ അരമണിക്കൂറിലധികം നീണ്ടുനിന്ന നിര്‍ണായക ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേല്‍ സൈന്യം യുദ്ധസജ്ജമായിരിക്കുന്നത്. അമേരിക്കയില്‍ നിന്നുള്ള അന്തിമ അറിയിപ്പിനായി ഇസ്രയേല്‍ സൈന്യം കാത്തിരിക്കുകയാണെന്നാണ് വിവരം. ചര്‍ച്ചകളില്‍ ഉടന്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഇറാന് ശക്തമായ താക്കീത് നല്‍കിയിരുന്നു. സ്വന്തം പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലില്‍’ ഇറാന്റെ സമയം അവസാനിക്കുകയാണെന്നും ഉടന്‍ തീരുമാനമെടുത്തില്ലെങ്കില്‍ ഒന്നും അവശേഷിപ്പിക്കില്ലെന്നും കുറിച്ച ട്രംപ്, ഇറാനില്‍ ആണവായുധം പ്രയോഗിച്ചാലുണ്ടാകുന്ന രീതിയിലുള്ള എഐ നിര്‍മ്മിത ചിത്രവും പങ്കുവെച്ചിരുന്നു.

അതേസമയം, അമേരിക്കയുടെയും ഇസ്രയേലിന്റെയും നീക്കങ്ങള്‍ക്കെതിരെ കടുത്ത ഭീഷണിയുമായി ഇറാനും രംഗത്തെത്തിയിട്ടുണ്ട്. ഒമാന്‍ കടല്‍ അമേരിക്കയുടെ ശവക്കുഴിയാക്കി മാറ്റുമെന്നാണ് ഇറാന്റെ കടുത്ത മുന്നറിയിപ്പ്. കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിന് മുന്‍പ് തങ്ങള്‍ക്കെതിരെയുള്ള ഉപരോധങ്ങള്‍ അവസാനിപ്പിക്കാന്‍ അമേരിക്ക തയ്യാറാകണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. പ്രധാനമായും ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിന്‍വലിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

ഏതൊരു കടുത്ത ഏറ്റുമുട്ടലിനും തങ്ങളുടെ സൈന്യം പൂര്‍ണ്ണ സജ്ജമാണെന്ന് ഇറാന്‍ വ്യക്തമാക്കി. നിലവിലെ നാവിക ഉപരോധം നീണ്ടുപോയാല്‍ ലോകരാജ്യങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന നാശനഷ്ടങ്ങള്‍ വളരെ വലുതായിരിക്കുമെന്നും ഒടുവില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും ഇറാന്‍ ഓര്‍മ്മിപ്പിച്ചു. അമേരിക്കയുടെ യാതൊരുവിധ സമ്മര്‍ദ്ദങ്ങള്‍ക്കും തങ്ങള്‍ വഴങ്ങില്ലെന്നും സ്വന്തം പരമാധികാരം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ഇറാന്‍ ഭരണകൂടം കൂട്ടിച്ചേര്‍ത്തു. ഇരുപക്ഷവും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതോടെ മേഖലയില്‍ വീണ്ടുമൊരു വന്‍ യുദ്ധത്തിനുള്ള സാധ്യത ഏറിയിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!