അബുജ: നൈജീരിയയിലെ ബോർണോ സ്റ്റേറ്റിൽ വിവിധ സ്കൂളുകളിൽ വീണ്ടും ഭീകരരുടെ ക്രൂരത. നഗരത്തിലെ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരേസമയം നടന്ന ആക്രമണത്തിൽ അമ്പതിലധികം കുട്ടികളെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. കാണാതായവരിൽ ഭൂരിഭാഗവും രണ്ട് മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ്. സായുധ സംഘങ്ങളുടെ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയത്.

മുസ്സയിലെ ഗവൺമെന്റ് ഡേ സെക്കൻഡറി സ്കൂൾ, മുസ്സ സെൻട്രൽ പ്രൈമറി സ്കൂൾ, സ്റ്റേറ്റ് യൂണിവേഴ്സൽ ബേസിസ് എഡ്യൂക്കേഷൻ ബോർഡ് സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളാണ് അക്രമികൾ ലക്ഷ്യമാക്കിയത്. കുട്ടികളെ മോട്ടോർ ബൈക്കുകളിൽ കയറ്റി മനുഷ്യകവചമായി ഉപയോഗിച്ച് ഭീകരർ രക്ഷപ്പെട്ടെന്ന് ദൃക്‌സാക്ഷികളുടെ പറയുന്നു. ആക്രമണത്തിന് പിന്നിൽ ബൊക്കോ ഹറാം സംഘമാണെന്ന സംശയം ശക്തമാണ്. എന്നാൽ ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.സുരക്ഷാ സേനയും രക്ഷാപ്രവർത്തകരും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ ജനങ്ങൾ ഭീതിയിലും ആശങ്കയിലുമാണ്.
