Tuesday, May 19, 2026

‘അര്‍ഹതയുള്ളത് കൊണ്ടാണ് ചോദിച്ചത്, പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം’; കടുപ്പിച്ച് സിപിഐ

കോട്ടയം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയില്‍ പാര്‍ട്ടിക്ക് പൂര്‍ണ്ണ അര്‍ഹതയുള്ളതു കൊണ്ടാണ് ഈ ആവശ്യം ഉന്നയിച്ചതെന്നും, ഇതില്‍ നിന്ന് എന്തിനാണ് സിപിഐ പിന്നോട്ട് പോകുന്നതെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് ചോദിച്ചു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തേക്ക് പാര്‍ട്ടിക്കുള്ളില്‍ ആരെയാണ് പരിഗണിക്കേണ്ടതെന്ന കാര്യത്തില്‍ ഇതിനകം തന്നെ അന്തിമ തീരുമാനമായിട്ടുണ്ടെന്നും ബിനോയ് വിശ്വം വെളിപ്പെടുത്തി.

ന്യായമായ ആവശ്യമായതിനാല്‍ തന്നെ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും ആ സ്ഥാനം സിപിഐക്ക് തന്നെ കിട്ടിയിരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളില്‍ ചര്‍ച്ചകള്‍ സജീവമായി തുടരുകയാണ്. ഔദ്യോഗികമായി തീരുമാനമാകുന്ന തൊട്ടടുത്ത സെക്കന്‍ഡില്‍ തന്നെ പ്രതിപക്ഷ ഉപനേതാവ് ആരാണെന്ന കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കനത്ത തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എല്‍ഡിഎഫില്‍ പുനഃസംഘടനയും പദവികള്‍ക്കായുള്ള ചര്‍ച്ചകളും മുറുകുന്നതിനിടെയാണ് സിപിഐ നിലപാട് കടുപ്പിക്കുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ഗീതം മുഴുവനായി ചൊല്ലിയതിനെതിരെയും ബിനോയ് വിശ്വം ശക്തമായ രാഷ്ട്രീയ വിമര്‍ശനമുന്നയിച്ചു. ഇന്ത്യയുടെ ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ചില ഭാഗങ്ങള്‍ വന്ദേമാതരത്തിലുണ്ടെന്നും, അവ ഒഴിവാക്കണമെന്നത് മുന്‍പ് കോണ്‍ഗ്രസ് തന്നെ എടുത്ത തീരുമാനമായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നിട്ടും കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് നേതൃത്വം അത് നിഷ്‌കരുണം നടപ്പിലാക്കിയത് ശരിയായില്ലെന്നും വിവാദ ഭാഗങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതായിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതിനെതിരെ ബേപ്പൂരില്‍ നിന്നുള്ള നിയുക്ത എംഎല്‍എ മുഹമ്മദ് റിയാസും കഴിഞ്ഞ ദിവസം കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!