ഓട്ടവ: സ്ത്രീകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് AI സാങ്കേതികവിദ്യ വഴി വ്യാജ അശ്ലീല ചിത്രങ്ങൾ സൃഷ്ടിച്ച കേസിലെ അന്വേഷണത്തിൽ ഓട്ടവ പൊലീസ് ആവശ്യമായ പിന്തുണ നൽകിയില്ലെന്ന പരാതിയുമായി ഇരകളായ സ്ത്രീകൾ. ഇരകളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും മുൻഗണന നൽകി അതീവ ജാഗ്രതയോടെയാണ് അന്വേഷണം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്നാൽ കേസിനെക്കുറിച്ചുള്ള മതിയായ വിവരങ്ങളോ മാനസികാരോഗ്യ പിന്തുണയോ പൊലീസിന്റെ ഭാഗത്ത് നിന്ന് ലഭിച്ചില്ലെന്നാണ് ഇരകൾ പറയുന്നത്.

കാനഡയിലുടനീളം 16 നും 55 നും ഇടയിൽ പ്രായമുള്ള 50-ലധികം സ്ത്രീകൾ ഇതിന്റെ ഇരകളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 27 പേരും ഓട്ടവ സ്വദേശികളാണ്. പലരും ഈ ചിത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്ന കാര്യം അറിഞ്ഞിരുന്നില്ല. കേസിൽ പൊലീസ് രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. നോവസ്കോഷയിൽ നിന്നുള്ള സ്റ്റീവൻ ലോ, ഒരു ഓട്ടവ സ്വദേശിയുമാണ് ഇതുവരെ അറസ്റ്റിലായത്. ഇവർക്കെതിരെ ഭീഷണിപ്പെടുത്തൽ, അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
അതേസമയം, പരാതികൾ ഗൗരവമായി കാണുന്നുവെന്നും ഇരകൾക്ക് ആവശ്യമായ പിന്തുണ നൽകാൻ തയ്യാറാണെന്നും ഓട്ടവ പൊലീസ് പ്രതികരിച്ചു.
