മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം എഞ്ചിൻ തകരാറിനെ തുടർന്ന് മുങ്ങിത്താഴുകയായിരുന്ന എംഎസ്‌വി വിരാട് 1 പായ്ക്കപ്പലിലെ 14 ഇന്ത്യാക്കാരെയും രക്ഷപ്പെടുത്തി. അമേരിക്കൻ നാവികസേനയുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ ഇന്ത്യൻ നാവികസേനയും പങ്കെടുത്തു.
ശനിയാഴ്ച റാസ് അൽ ഹദ്ദിന് കിഴക്ക് ഏകദേശം 80 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം സംഭവിച്ചത്. എഞ്ചിൻ തകരാറിനെ തുടർന്ന് കപ്പൽ നിയന്ത്രണം നഷ്ടപ്പെട്ട് മുങ്ങിത്താഴാൻ തുടങ്ങിയതായി അധികൃതർ അറിയിച്ചു.

അപകടവിവരം ലഭിച്ചതോടെ അമേരിക്കൻ നാവികസേനയുടെ പി-8 നിരീക്ഷണ വിമാനം ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽപ്പെട്ടവർക്കായി ലൈഫ് റാഫ്റ്റുകൾ താഴേക്കിട്ടു നൽകുകയും ജീവനക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. തുടർന്ന് മർച്ചന്റ് വെസൽ ജബൽ അലി 9 എന്ന കപ്പൽ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. അമേരിക്കൻ നാവികസേന നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ നാവികസേനയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ഏറെ നേരം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യാക്കാരെയും സുരക്ഷിതമായി മാറ്റിയതായി ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. നിലവിൽ എല്ലാവരും സുരക്ഷിതരാണ്. എഞ്ചിൻ തകരാറാണ് ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. കപ്പൽ മുങ്ങിയ സാഹചര്യത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.
