തിരുവനന്തപുരം: ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്കായി സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ജൂൺ 15 മുതൽ ജൂലൈ 15 വരെ ഐഡി കാർഡ് പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു. പ്രവാസികൾക്കായി ലഭ്യമാക്കുന്ന വിവിധ ഐഡി കാർഡുകളുടെയും ഇൻഷുറൻസ് പദ്ധതികളുടെയും പ്രയോജനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
വിദേശത്ത് ആറുമാസത്തിലധികം ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കുള്ള പ്രവാസി ഐഡി കാർഡ്, വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള സ്റ്റുഡന്റ് ഐഡി കാർഡ്, കേരളത്തിന് പുറത്തുള്ള മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ മലയാളികൾക്കുള്ള എൻആർകെ ഐഡി കാർഡ്, ഗുരുതര രോഗങ്ങൾക്കായുള്ള നോർക്ക പ്രവാസി രക്ഷ ഇൻഷുറൻസ് പദ്ധതി എന്നിവയാണ് പ്രചാരണത്തിന്റെ പ്രധാന ഭാഗങ്ങൾ.
‘കരുതൽ, സുരക്ഷ, അംഗീകാരം’എന്നതാണ് ഈ വർഷത്തെ പ്രചാരണ മാസാചരണത്തിന്റെ പ്രമേയം. നിലവിൽ ഐഡി കാർഡ് കൈവശമുള്ളവർക്ക് സംശയനിവാരണം നടത്താനും കാലാവധി കഴിഞ്ഞ കാർഡുകൾ പുതുക്കാനും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു.

408 രൂപയുടെ ഒറ്റത്തവണ പ്രീമിയം അടച്ച് ലഭിക്കുന്ന ഐഡി കാർഡ് പദ്ധതിയിൽ അപകട മരണത്തിന് അഞ്ച് ലക്ഷം രൂപയും സ്ഥിര അംഗവൈകല്യത്തിന് രണ്ട് ലക്ഷം രൂപ വരെയും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. അതേസമയം, 661 രൂപയുടെ പ്രീമിയമുള്ള നോർക്ക പ്രവാസി രക്ഷ ഇൻഷുറൻസ് പദ്ധതിയിൽ ഗുരുതര രോഗങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയും അപകട മരണത്തിന് മൂന്ന് ലക്ഷം രൂപയും അംഗവൈകല്യത്തിന് ഒരു ലക്ഷം രൂപയും പരിരക്ഷയായി ലഭിക്കും.
നോർക്ക ഐഡി കാർഡുകൾക്ക് മൂന്ന് വർഷവും പ്രവാസി രക്ഷ ഇൻഷുറൻസിന് ഒരു വർഷവുമാണ് കാലാവധി. കൂടാതെ, സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതികളായ നോർക്ക കെയർ, നോർക്ക കെയർ പ്ലസ് എന്നിവയിൽ അംഗമാകാൻ നോർക്ക ഐഡി കാർഡ് നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി.
സേവനങ്ങൾ ലഭ്യമാക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനുമായി നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിലും 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാം.
