കൊൽക്കത്ത: പശ്ചിമബംഗാളിലെ സൗത്ത് 24 പർഗനാസ് ജില്ലയിൽ ആൾക്കൂട്ട മർദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളനെന്ന് സംശയിച്ചാണ് പ്രദേശവാസികൾ യുവാവിനെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം നടന്ന പ്രദേശത്ത് യുവാവ് സംശയാസ്പദ സാഹചര്യത്തിൽ കണ്ടതായി നാട്ടുകാർ ആരോപിച്ചിരുന്നു. ഇതിനെ തുടർന്ന് ജനക്കൂട്ടം ഇയാളെ തടഞ്ഞുവെച്ച് മർദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരിച്ച യുവാവിന്റെ വ്യക്തിവിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരെന്ന് കണ്ടെത്തിയ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇതിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.
