ബാരി: വേനല്‍ക്കാലം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സഞ്ചാരികളെത്തിയതോടെ ബാരിയുടെ വിനോദസഞ്ചാരമേഖലയില്‍ വന്‍ തിരക്ക്. ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ നഗരത്തില്‍ അരങ്ങേറിയ ‘ട്രൂബദൂര്‍ സമ്മര്‍ കോണ്‍സേര്‍ട്ട് സീരീസ്’, ‘ബാരി എയര്‍ ഷോ’ എന്നീ രണ്ട് ഇവന്റുകള്‍ നഗരത്തിലേക്ക് വലിയ രീതിയില്‍ ആളുകളെ ആകര്‍ഷിക്കാന്‍ സഹായിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് വിജയത്തിന്റെ തുടര്‍ച്ചയാണ് നഗരം ലക്ഷ്യമിടുന്നത്. 2025ല്‍ 6,70,000ത്തിലധികം ആളുകള്‍ നഗരത്തില്‍ താമസിക്കാനെത്തുകയും 212 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക നേട്ടം ഉണ്ടാവുകയും ചെയ്തിരുന്നു. ഈ വര്‍ഷം മൂന്ന് പുതിയ ഹോട്ടലുകള്‍ കൂടി പ്രവര്‍ത്തനമാരംഭിച്ച സാഹചര്യത്തില്‍ ടൂറിസം മേഖലയില്‍ വലിയ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ കാനഡ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതും നഗരത്തിലെ ഹോട്ടല്‍ വ്യവസായത്തിന് വന്‍ കുതിപ്പേകിയിട്ടുണ്ട്. ജൂണ്‍ മാസം ആരംഭിച്ചത് മുതല്‍ ഹോട്ടലുകളെല്ലാം തന്നെ പൂര്‍ണ്ണമായും ബുക്ക് ചെയ്യപ്പെട്ട നിലയിലാണെന്ന് ഹാംപ്ടണ്‍ ഇന്‍ സ്യൂട്ട്‌സ് ബൈ ഹില്‍ട്ടണ്‍ ജനറല്‍ മാനേജര്‍ വനേസ സ്റ്റീവന്‍സണ്‍ അറിയിച്ചു. ട്രൂബദൂര്‍ ഫെസ്റ്റിവല്‍, എയര്‍ ഷോ എന്നിവയ്ക്ക് പുറമെ മിഡ്ലാന്‍ഡിലെ ബട്ടര്‍ ടാര്‍ട്ട് ഫെസ്റ്റിവല്‍, ജോര്‍ജിയന്‍ ബേ ഫെസ്റ്റിവല്‍ എന്നിവയ്ക്കായി എത്തുന്നവരും ബാരിയിലാണ് താമസിക്കുന്നത്. വിവാഹങ്ങള്‍, കുടുംബസന്ദര്‍ശനങ്ങള്‍ എന്നിവയ്ക്കായി എത്തുന്നവരെക്കൊണ്ടും നഗരം സജീവമാണ്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഈ മാസം ഹോട്ടല്‍ ബുക്കിംഗ് 85 ശതമാനത്തിന് മുകളില്‍ ഫിനിഷ് ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.
കഴിഞ്ഞ രണ്ട് വാരാന്ത്യങ്ങളിലും നഗരത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടതെന്ന് ഡൗണ്‍ടൗണ്‍ ബാരി ബി.ഐ.എ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ക്രെയ്ഗ് സ്റ്റീവന്‍സ് പറഞ്ഞു. ഈ സാഹചര്യത്തില്‍ പ്രാദേശിക ചെറുകിട ബിസിനസ്സുകളെ പിന്തുണയ്‌ക്കേണ്ടത് ഏറെ പ്രധാനമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നമ്മുടെ അയല്‍പക്കങ്ങളില്‍ ജീവിക്കുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ഈ കടകളുടെ ഉടമകളെന്നും അവരെ പിന്തുണയ്ക്കുക എന്നത് സമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ആഴ്ചകളിലെ പരിപാടികള്‍ നഷ്ടമായവര്‍ക്കായി ഇനിയും നഗരത്തില്‍ അവസരങ്ങളുണ്ട്. കാനഡ ഡേ ആഘോഷങ്ങള്‍ക്കായി ബാരി ഡൗണ്‍ടൗണ്‍ വീണ്ടും ഒരുങ്ങുകയാണ്. കൂടാതെ ജൂലൈ 25-ന് നടക്കുന്ന ട്രൂബദൂര്‍ സമ്മര്‍ കോണ്‍സേര്‍ട്ടിന്റെ രണ്ടാം ഘട്ടത്തില്‍ കാനഡയിലെ പ്രശസ്ത റോക്ക് ബാന്‍ഡായ ‘ദി വാച്ച്‌മെന്‍’ (The Watchmen) വേദിയിലെത്തും.
