Saturday, June 20, 2026

ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍. തെക്കന്‍ ലെബനോണില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 32 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാന്‍ സൈന്യം ഹോര്‍മുസ് അടച്ചത്. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കായി താന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വ്യക്തമാക്കി.

യുഎസും ഇസ്രയേലും തങ്ങളുടെ പ്രതിബദ്ധതകള്‍ ലംഘിച്ചതായും ലെബനോണിലെ വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തിയതായും ഇറാന്റെ ഉന്നത സംയുക്ത സൈനിക കമാന്‍ഡായ ഖതം അല്‍-അന്‍ബിയ ആരോപിച്ചു. ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയ നടപടി ഈ കരാര്‍ ലംഘനങ്ങള്‍ക്കുള്ള പ്രതികരണത്തിന്റെ ‘ആദ്യപടി’ മാത്രമാണെന്നും, ഇനിയും ആക്രമണം തുടര്‍ന്നാല്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇറാന്‍ സൈനിക കമാന്‍ഡ് മുന്നറിയിപ്പ് നല്‍കി. കപ്പലുകള്‍ ഈ മേഖലയിലേക്ക് അടുക്കരുതെന്നും സുരക്ഷാ ഭീഷണിയുണ്ടെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം, ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതായി പറയുന്നതില്‍ നിലവില്‍ വ്യക്തമായ തെളിവുകളില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പ്രതികരിച്ചു. യുഎസും ഇറാനും തമ്മില്‍ നിലവിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ച് നടക്കുന്ന ചര്‍ച്ചകളില്‍ താന്‍ നേരിട്ട് പങ്കെടുക്കുമെന്നും അദ്ദേഹം ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യുഎസ് പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്‌നറും ഇതിനോടകം തന്നെ ചര്‍ച്ചകള്‍ക്കായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ എത്തിയിട്ടുണ്ട്.

മിഡില്‍ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസും ഇറാനും തമ്മില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഒപ്പുവെച്ച താല്‍ക്കാലിക ധാരണാപത്രത്തിന്റെ (MoU) പശ്ചാത്തലത്തിലാണ് ഈ പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. ലെബനോണിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഈ സമാധാന കരാര്‍ വലിയ പ്രതിസന്ധിയിലാണ്. ഹോര്‍മുസ് വീണ്ടും അടയ്ക്കാനുള്ള ഇറാന്റെ തീരുമാനം രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ദ്ധിക്കുന്നതിനും ആഗോള ഇന്ധന വിതരണ ശൃംഖലയെ ബാധിക്കുന്നതിനും കാരണമായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!