Saturday, June 20, 2026

ബിസി സര്‍ക്കാരുമായുള്ള താല്‍ക്കാലിക കരാര്‍ നഴ്സുമാര്‍ തള്ളി

ബ്രിട്ടിഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയ സര്‍ക്കാരുമായി കഴിഞ്ഞ മാസം ഉണ്ടാക്കിയ താത്ക്കാലിക കരാര്‍ നഴ്‌സുമാര്‍ വോട്ടിനിട്ട് തള്ളി. ബി.സി വോട്ടെടുപ്പില്‍ പങ്കെടുത്ത 67 ശതമാനം അംഗങ്ങളും കരാറിനെതിരെയാണ് വോട്ട് ചെയ്തത്. ഹെല്‍ത്ത് എംപ്ലോയേഴ്‌സ് അസോസിയേഷനുമായുള്ള ചര്‍ച്ചകള്‍ തടസ്സപ്പെട്ടതിനെത്തുടര്‍ന്ന്, തങ്ങള്‍ സമരത്തിലേക്ക് കടക്കുകയാണെന്ന് നഴ്‌സുമാര്‍ നേരത്തെ 98.2 ശതമാനം ഭൂരിപക്ഷത്തോടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കരാര്‍ നിര്‍ദ്ദേശം വന്നതെങ്കിലും ഭൂരിഭാഗം ജീവനക്കാരും അത് നിരസിക്കുകയായിരുന്നു.

തങ്ങളുടെ ജോലി സാഹചര്യങ്ങള്‍ ഇതേപടി തുടരാന്‍ കഴിയില്ലെന്ന നഴ്‌സുമാരുടെ ശക്തമായ നിലപാടാണ് ഈ വോട്ടെടുപ്പിലൂടെ വ്യക്തമാകുന്നതെന്ന് നെഴ്‌സുമാരുടെ യൂണിയനായ ബി.സി.എന്‍.യു പ്രസിഡന്റ് അഡ്രിയാന്‍ ഗിയര്‍ പറഞ്ഞു. ‘പൊതുജനങ്ങള്‍ കാണുന്നത് ജനത്തിരക്കേറിയ എമര്‍ജന്‍സി വിഭാഗങ്ങളും നീണ്ട കാത്തിരിപ്പുകളുമാണ്. എന്നാല്‍ നഴ്‌സുമാര്‍ ഓരോ ഷിഫ്റ്റിലും കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്,’ അവര്‍ വ്യക്തമാക്കി. നിലവിലെ ജോലി സാഹചര്യങ്ങളിലുള്ള വലിയ നിരാശയും രോഗീപരിചരണം മെച്ചപ്പെടുത്താന്‍ അടിയന്തര നടപടികള്‍ വേണമെന്ന ആവശ്യവുമാണ് ഈ വോട്ട് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യൂണിയന്റെ മുന്‍ കരാര്‍ കാലാവധി 2025 മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. നാല് വര്‍ഷത്തിനുള്ളില്‍ 12 ശതമാനം ശമ്പള വര്‍ധനയ്ക്ക്് പുറമെ മികച്ച ആനുകൂല്യങ്ങള്‍, ജോലിസ്ഥലത്തെ സുരക്ഷ, അതിക്രമങ്ങള്‍ തടയല്‍, അധിക ഫണ്ടിംഗ് എന്നിവ ഉറപ്പുനല്‍കുന്നതായിരുന്നു തള്ളിപ്പോയ ഈ താല്‍ക്കാലിക കരാര്‍. കൂടാതെ, ഒരു നഴ്‌സിന് ഇത്ര രോഗികള്‍ എന്ന അനുപാതം നടപ്പിലാക്കുന്നതിനായി വലിയ തോതിലുള്ള അധിക സാമ്പത്തിക സഹായവും പ്രവിശ്യ വാഗ്ദാനം ചെയ്തിരുന്നു. കാനഡയില്‍ ആദ്യമായി ഈ നഴ്‌സ്-രോഗി അനുപാതം നടപ്പിലാക്കാന്‍ 2024ല്‍ സമ്മതിച്ച പ്രവിശ്യയാണ് ബ്രിട്ടിഷ് കൊളംബിയ.

തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ യൂണിയനുമായി ചേര്‍ന്ന് തുടര്‍ന്നും ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്ന് ഹെല്‍ത്ത് എംപ്ലോയേഴ്‌സ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. മറ്റ് ആരോഗ്യ സംഘടനകളുമായി മുന്‍പ് ഒപ്പുവെച്ച കരാറുകള്‍ പോലെ, ചര്‍ച്ചകളിലൂടെ മാത്രമേ സുസ്ഥിരമായ ഒരു ധാരണയിലെത്താന്‍ സാധിക്കൂ എന്ന് ആരോഗ്യവകുപ്പ് മന്ത്രി ജോസി ഓസ്‌ബോണ്‍ പ്രതികരിച്ചു. ചര്‍ച്ചകള്‍ തുടരുന്നതിനായി ഇരുവിഭാഗത്തിനും ആവശ്യമായ സമയവും സ്വാതന്ത്ര്യവും പ്രവിശ്യാ ഭരണകൂടം നല്‍കുമെന്നും, ഉടന്‍ തന്നെ ഇരുപക്ഷവും ചേര്‍ന്ന് ഒരു അന്തിമ ധാരണയിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!