വന്‍കൂവര്‍: ബ്രിട്ടിഷ് കൊളംബിയയിലെ സ്കൂളുകളെ ലക്ഷ്യമിട്ട് ആക്രമണത്തിന് പദ്ധതിയിട്ട കേസില്‍ കൗമാരക്കാരനെ 12 മാസത്തെ ഭീകരവിരുദ്ധ പീസ് ബോണ്ടില്‍ നിരീക്ഷണത്തിലാക്കിയതായി ആര്‍സിഎംപി അറിയിച്ചു.
2025 ഡിസംബറിലെ ക്രിസ്മസ് അവധിക്കാലത്താണ് സാല്‍മണ്‍ ആം (Salmon Arm) കമ്മ്യൂണിറ്റിയിലെ വിദ്യാലയങ്ങള്‍ക്ക് നേരെ തീവ്രവാദ ഗ്രൂപ്പുകളുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്ന വിവരം പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് ഫെഡറല്‍ ആര്.സി.എം.പിയുടെയും എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്റെയും സഹായത്തോടെ ഒരു ഗ്രാമീണ മേഖലയില്‍ റെയ്ഡ് നടത്തുകയും കൗമാരക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ ജൂണ്‍ 16 മുതല്‍ പ്രാബല്യത്തില്‍ വന്ന കടുത്ത കോടതി നിര്‍ദ്ദേശങ്ങളോടെയുള്ള പീസ് ബോണ്ടിലാണ് ഈ യുവാവിനെ വിട്ടയച്ചിരിക്കുന്നത്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാന്‍ കര്‍ശനമായ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാനഡയില്‍ സമീപകാലത്തായി സോഷ്യല്‍ മീഡിയയിലൂടെയും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൂടെയും കുട്ടികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ സ്വാധീനം ചെലുത്തുന്നതില്‍ പോലീസ് കടുത്ത ആശങ്ക രേഖപ്പെടുത്തി. കഴിഞ്ഞ ഡിസംബറില്‍ കാനഡ ഭീകര സംഘടനയായി പ്രഖ്യാപിച്ച ‘764’, ‘മാനിയാക് മര്‍ഡര്‍ കള്‍ട്ട്’ തുടങ്ങിയ ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ കൗമാരക്കാരെ അക്രമങ്ങളിലേക്കും സ്വയം ഉപദ്രവിക്കുന്നതിലേക്കും പ്രേരിപ്പിക്കുന്നതായി പോലീസ് മുന്നറിയിപ്പ് നല്കുന്നു. കേസില്‍ അന്വേഷണം സജീവമായി തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
