Saturday, June 20, 2026

‘സെല്‍ഫി എടുക്കാന്‍ അവര്‍ നിര്‍ബന്ധിച്ചു’, ഇറ്റാലിയന്‍ പ്രസിഡന്റിന് ട്രംപിന്റെ പരിഹാസം; യുഎസ് സന്ദര്‍ശനം റദ്ദാക്കി വിദേശകാര്യമന്ത്രി

വാഷിങ്ടണ്‍: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോനിക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് അമേരിക്കയും ഇറ്റലിയും തമ്മില്‍ കടുത്ത നയതന്ത്രപ്രതിസന്ധി രൂപപ്പെട്ടു. ട്രംപിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ആന്റോണിയോ തയാനി തന്റെ ഔദ്യോഗിക അമേരിക്കന്‍ സന്ദര്‍ശനം അടിയന്തിരമായി റദ്ദാക്കി. അടുത്ത ആഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി തയാനി കൂടിക്കാഴ്ച നടത്താനിരുന്നതാണ്. ട്രംപിന്റെ പരാമര്‍ശങ്ങള്‍ തികച്ചും അധിക്ഷേപകരമാണെന്ന് വ്യക്തമാക്കിയ വിദേശകാര്യമന്ത്രി, അടുത്ത ആഴ്ച മിയാമിയില്‍ നടക്കാനിരുന്ന ഇറ്റലി-യുഎസ് ബിസിനസ് ഫോറവും റദ്ദാക്കിയതായി അറിയിച്ചു. ഫ്രാന്‍സില്‍ നടന്ന ജി7 ഉച്ചകോടിക്ക് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നു എന്ന സൂചനകള്‍ക്കിടയിലാണ് ഇപ്പോള്‍ അപ്രതീക്ഷിത വിള്ളല്‍ വീണിരിക്കുന്നത്.

ഇറ്റാലിയന്‍ മാധ്യമമായ ‘ലാ7’ (La7) ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് നയതന്ത്ര വൃത്തങ്ങളെ ഞെട്ടിച്ച വിവാദ പരാമര്‍ശം നടത്തിയത്. ജി7 ഉച്ചകോടിക്കിടെ മെലോനി തന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാന്‍ യാചിച്ചു എന്നായിരുന്നു ട്രംപിന്റെ അവകാശവാദം. ‘തന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാന്‍ അവര്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. എനിക്ക് അവരോട് പാവം തോന്നിയതുകൊണ്ടാണ് ഞാന്‍ ഫോട്ടോയ്ക്ക് സമ്മതിച്ചത്,’ എന്നായിരുന്നു ട്രംപ് അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ ട്രംപിന്റെ അവകാശവാദങ്ങള്‍ പൂര്‍ണ്ണമായും കെട്ടിച്ചമച്ചതാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോനി ശക്തമായി തിരിച്ചടിച്ചു.

ട്രംപിന്റെ പ്രസ്താവനകള്‍ പൂര്‍ണ്ണമായും അസത്യമാണെന്ന് വ്യക്തമാക്കിക്കൊണ്ട് മെലോനി എക്‌സ് (X) പ്ലാറ്റ്ഫോമില്‍ ഒരു വീഡിയോ സന്ദേശം പങ്കുവെച്ചു. ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അവര്‍ വീഡിയോയില്‍ പറഞ്ഞു. ‘സ്വന്തം സഖ്യകക്ഷികളോട് യുഎസ് പ്രസിഡന്റ് എന്തിനാണ് ഇങ്ങനെ പെരുമാറുന്നത് എന്ന് മനസ്സിലാകുന്നില്ല. ശത്രുക്കളോട് കാണിക്കാത്ത കടുപ്പം സ്വന്തം സഖ്യകക്ഷികളോട് ട്രംപ് കാണിക്കുന്നത് കഷ്ടമാണ്. ഒന്നുമാത്രം ഓര്‍ക്കുക: ഇറ്റലിയും ഞാനും ആരുടെയും മുന്നില്‍ യാചിക്കാറില്ല,’ മെലോനി വികാരഭരിതയായി വ്യക്തമാക്കി.

ഇരുനേതാക്കളും തമ്മില്‍ മുന്‍പും പല വിഷയങ്ങളിലും അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. ഇറാന്‍ യുദ്ധത്തില്‍ ഇറ്റലി വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്ന് ആരോപിച്ച് ‘എന്‍ബിസി ന്യൂസിന്’ നല്‍കിയ അഭിമുഖത്തിലും ട്രംപ് മെലോനിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കൂടാതെ, ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ ട്രംപ് വിമര്‍ശിച്ചതിനെ മെലോനി മുന്‍പ് പരസ്യമായി എതിര്‍ത്തതും ഇരുവര്‍ക്കുമിടയിലെ അകല്‍ച്ച വര്‍ദ്ധിപ്പിച്ചു. നിലവിലെ പുതിയ പ്രതിസന്ധിയില്‍ വൈറ്റ് ഹൗസോ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റോ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!