കോഴിക്കോട്: സംസ്ഥാന ബജറ്റില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന പുതുക്കി നിശ്ചയിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍ രംഗത്ത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് സമൂഹത്തിന് തികച്ചും തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മഹാത്മാഗാന്ധിയുടെ പിന്മുറക്കാരാണെന്ന് അവകാശപ്പെടുന്ന ഒരു സര്‍ക്കാരില്‍ നിന്നും ഇത്തരം ഒരു ജനദ്രോഹ നടപടി ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്നും, പ്രഖ്യാപനത്തില്‍ നിന്നും സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിയണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. വീര്യം കുറഞ്ഞ ലഹരി ഉപയോഗം ഒടുവില്‍ വലിയ ലഹരി അടിമത്തത്തിലേക്ക് ആളുകളെ നയിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

അതേസമയം, യുഡിഎഫ് സര്‍ക്കാരിനെതിരെ തങ്ങളുടെ ആദ്യത്തെ അഴിമതി ആരോപണം ഉന്നയിക്കാന്‍ പ്രതിപക്ഷം ഈ വിഷയം ആയുധമാക്കിയിരിക്കുകയാണ്. പുതിയ ബജറ്റില്‍ വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ഘടന പ്രഖ്യാപിച്ചതിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മുന്‍ എക്സൈസ് മന്ത്രി എം.ബി. രാജേഷ് സര്‍ക്കാരിനെതിരെ കടുത്ത ആക്ഷേപങ്ങളുമായി രംഗത്തെത്തി. സാധാരണ കാര്‍ഷിക വിളകളില്‍ നിന്നുള്ള മദ്യമല്ല, മറിച്ച് സ്പിരിറ്റ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മദ്യത്തിനാണ് ഇവിടെ നികുതി കുറച്ചു നല്‍കിയിരിക്കുന്നതെന്നും ഈ തീരുമാനത്തിന് പിന്നില്‍ കര്‍ണാടകയിലെ വന്‍കിട മദ്യ ലോബിയാണെന്നും അദ്ദേഹം ആരോപിച്ചു. കടുത്ത രാഷ്ട്രീയ വിവാദമായി മാറിയിരിക്കുന്ന ഈ വിഷയം വരുന്ന ദിവസങ്ങളിലും സര്‍ക്കാരിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് സൂചന.
