ടൊറന്റോ: നഗരത്തില്‍ ലഹരിമരുന്ന് ഉപയോഗം വര്‍ധിക്കുന്നതായി ടൊറന്റോ പബ്ലിക് ഹെല്‍ത്തിന്റെ മുന്നറിയിപ്പ്. പൊതുജനങ്ങള്‍ക്ക് അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വെള്ളിയാഴ്ച മയക്കുമരുന്ന് അമിത അളവില്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പശ്ചാത്തലത്തിലാണ് ടൊറന്റോ പബ്ലിക്ക് ഹെല്‍ത്ത് മുന്നറിയിപ്പ് നല്‍കിയത്. ഡൗണ്‍ടൗണ്‍ മേഖലയിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഏത് തരത്തിലുള്ള മയക്കുമരുന്നാണ് അമിതമായി ഉപയോഗിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കൃത്യമായി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ഗ്ലാസ് കഷണങ്ങള്‍ പോലെ തോന്നിക്കുന്ന ഒരു സുതാര്യമായ പദാര്‍ത്ഥം നിലവില്‍ ഈ മേഖലയില്‍ വിതരണം ചെയ്യപ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നതിനാണ് ഈ അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളതെന്ന് ടൊറന്റോ പബ്ലിക് ഹെല്‍ത്ത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിലവിലെ സാഹചര്യം തങ്ങള്‍ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും, ആവശ്യമായ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും ആരോഗ്യ വിഭാഗം അധികൃതര്‍ വ്യക്തമാക്കി.
