Saturday, June 20, 2026

കാനഡ വഴിയുള്ള ഫെന്റനൈല്‍ കടത്ത്: അമേരിക്കയുടെ വാദങ്ങളെ തളളി കാനഡ

ഓട്ടവ: കാനഡയില്‍ നിന്നുള്ള ഫെന്റനൈല്‍ കടത്ത് വര്‍ധിച്ചുവരികയാണെന്ന അമേരിക്കയുടെ ആരോപണങ്ങളെ കാനഡയുടെ ഫെന്റനൈല്‍ തടയല്‍ വിഭാഗം മേധാവി കെവിന്‍ ബ്രോസ്സോ ശക്തമായി എതിര്‍ത്തു. യു.എസ്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ അമേരിക്കയുടെ ഈ വാദങ്ങളെ ഒട്ടും പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മെയ് മാസത്തില്‍ കാനഡ-അമേരിക്ക അതിര്‍ത്തിയില്‍ നിന്ന് പിടിച്ചെടുത്തത് അരക്കിലോഗ്രാമില്‍ താഴെ ഫെന്റനൈല്‍ മാത്രമാണെങ്കില്‍, ഇതേ കാലയളവില്‍ മെക്‌സിക്കോ-അമേരിക്ക അതിര്‍ത്തിയില്‍ നിന്ന് 358 കിലോഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്.

ഈ വര്‍ഷം ഇതുവരെ ഇരു അതിര്‍ത്തികളില്‍ നിന്നും പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് പരിശോധിച്ചാല്‍ അമേരിക്കയുടെ ആരോപണങ്ങള്‍ വസ്തുതാരഹിതമാണെന്ന് വ്യക്തമാകുമെന്ന് കെവിന്‍ ബ്രോസ്സോ ചൂണ്ടിക്കാണിക്കുന്നു. കാനഡ അതിര്‍ത്തി വഴി കടത്താന്‍ ശ്രമിച്ച മയക്കുമരുന്നിന്റെ അളവ് മെക്‌സിക്കന്‍ അതിര്‍ത്തിയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. ഈ വര്‍ഷം ഇതുവരെ കാനഡ-യു.എസ് അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 3 കിലോഗ്രാം ഫെന്റനൈല്‍ മാത്രമാണ് പിടിച്ചെടുത്തത്, എന്നാല്‍ മെക്‌സിക്കോ-യു.എസ് അതിര്‍ത്തിയില്‍ ഇതിനകം ഏകദേശം 3,221 കിലോഗ്രാം ഫെന്റനൈല്‍ പിടിച്ചെടുത്തിട്ടുണ്ട്. സംഘടിത ക്രിമിനല്‍ സംഘങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലകള്‍ വേഗത്തില്‍ മാറ്റാന്‍ മിടുക്കരാണെന്ന് സമ്മതിച്ച ബ്രോസ്സോ, മെക്‌സിക്കന്‍ കാര്‍ട്ടലുകള്‍ കാനഡയിലേക്ക് താവളം മാറ്റാതിരിക്കാന്‍ കാനഡയിലെ തുറമുഖങ്ങളിലും അതിര്‍ത്തികളിലും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കാനഡ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പരസ്യമായി അംഗീകരിക്കാന്‍ അമേരിക്കന്‍ ഭരണകൂടം തയ്യാറായിട്ടില്ല. വാഷിങ്ടണില്‍ നടന്ന കൂടിക്കാഴ്ചയില്‍ യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളിന്‍ കാനഡയില്‍ നിന്നുള്ള മയക്കുമരുന്ന് കടത്ത് വര്‍ധിച്ചതായി ആവര്‍ത്തിച്ചു. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ അമേരിക്ക കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ മയക്കുമരുന്ന് മാഫിയകള്‍ കാനഡ വഴിയുള്ള പുതിയ വിപണികള്‍ തേടുകയാണെന്നാണ് മുള്ളിന്റെ വാദം. മാത്രമല്ല, കാനഡ അതിര്‍ത്തിയില്‍ വെച്ച് ഭീകരവാദ നിരീക്ഷണ പട്ടികയിലുള്ള വ്യക്തികളെ തങ്ങള്‍ ആഴ്ചയിലൊരിക്കല്‍ എന്നോണം അറസ്റ്റ് ചെയ്യുന്നുണ്ടെന്നും മുള്ളിന്‍ ആരോപിച്ചു. ട്രംപ് ഭരണകൂടം കാനഡയുമായി നിലനിര്‍ത്തുന്ന പ്രധാന തര്‍ക്കവിഷയങ്ങളിലൊന്ന് ഈ അതിര്‍ത്തി സുരക്ഷയാണ്.

അതിനിടെ, കാനഡയ്ക്കുള്ളില്‍ ഒപ്പിയോയ്ഡ് അമിത അളവില്‍ ഉള്ളില്‍ച്ചെന്ന് മരിക്കുന്നവരുടെ എണ്ണത്തില്‍ 23 ശതമാനത്തിന്റെ കുറവുണ്ടായതായി കനേഡിയന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം 5,630 പേരാണ് കാനഡയില്‍ ഇത്തരത്തില്‍ മരണപ്പെട്ടത്. നിയമവിരുദ്ധ മയക്കുമരുന്ന് വിതരണ ശൃംഖല തടയാന്‍ കഴിഞ്ഞതും, അമിത ഉപയോഗം മൂലമുണ്ടാകുന്ന അപകടം ഒഴിവാക്കാനുള്ള ‘നാലോക്‌സോണ്‍’ മരുന്നിന്റെ വ്യാപകമായ ലഭ്യതയുമാണ് ഈ കുറവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതോടൊപ്പം കാനഡ അതിര്‍ത്തി സുരക്ഷാ ഏജന്‍സി പിടിച്ചെടുക്കുന്ന ഫെന്റനൈലിന്റെ അളവിലും വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി അതിര്‍ത്തികള്‍ വഴിയുള്ള മയക്കുമരുന്ന് കടത്ത് പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കെവിന്‍ ബ്രോസ്സോ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!