ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ശുപാർശ ചെയ്തു. അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറിയതോടെയാണ് കേസെടുക്കാനുള്ള നിർദേശം പുറത്തുവന്നത്.
കേസുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ വിവരശേഖരണം മാത്രം നടത്തുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി ഈ ശുപാർശ മുന്നോട്ടുവെച്ചിരിക്കുന്നത്. ഭണ്ഡാരത്തിലെ പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ചുമതല വഹിച്ചിരുന്ന ചില ജീവനക്കാരുടെ സ്വത്ത് വിവരങ്ങളിൽ അസാധാരണ വർധന കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

14,000 മുതൽ 20,000 രൂപ വരെ മാത്രം ശമ്പളം ലഭിക്കുന്ന നിരവധി ജീവനക്കാർ ഇന്ന് കോടികളുടെ ആസ്തി സ്വന്തമാക്കിയിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രത്യേകിച്ച് ക്ഷേത്ര ഭണ്ഡാരത്തിലെ പണം കൈകാര്യം ചെയ്തിരുന്ന ജീവനക്കാരുടെ സാമ്പത്തിക നിലയിൽ വൻ മാറ്റമുണ്ടായതായി എസ്ഐടി ചൂണ്ടിക്കാട്ടുന്നു.
ഭണ്ഡാരത്തിലെ പണം എണ്ണുന്ന ജോലിയിൽ പ്രവർത്തിച്ചിരുന്ന തിന്നു യാദവ് എന്ന വ്യക്തി നേരത്തെ ഓട്ടോ ഡ്രൈവറായിരുന്നു. ഇയാൾ ക്ഷേത്രത്തിൽ ജോലി ലഭിച്ചശേഷം 70 മുറികളുള്ള ഹോസ്റ്റൽ, റസ്റ്റോറന്റുകൾ, ആഡംബര വാഹനങ്ങൾ എന്നിവ ഉൾപ്പെടെ ഏകദേശം 50 കോടിയിലധികം രൂപയുടെ ആസ്തി സമ്പാദിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ, ഇയാളുടെ ഒരു ബന്ധുവിൽ നിന്ന് 36 ലക്ഷം രൂപ പിടിച്ചെടുത്തതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ ക്രിമിനൽ അന്വേഷണം ആരംഭിക്കാനാണ് എസ്ഐടിയുടെ ശുപാർശ.
