Tuesday, June 23, 2026

ന്യൂക്ലിയര്‍ റിയാക്ടറിന്റെ ഓഹരിയില്‍ പങ്കാളികളാകാൻ ഫസ്റ്റ് നേഷന്‍സ്; ഓട്ടവയുമായി കരാര്‍ ഒപ്പിട്ടു

ഓട്ടവ: കാനഡയിലെ ഊര്‍ജ്ജരംഗത്ത് പുതിയ ചരിത്രം കുറിച്ചുകൊണ്ട് ഒന്റാരിയോയിലെ ഒരു പുതിയ ആണവനിലയത്തിന്റെ ഓഹരി സ്വന്തമാക്കാന്‍ ഫസ്റ്റ് നേഷന്‍സ് ഒരുങ്ങുന്നു. ഫെഡറല്‍ സര്‍ക്കാരും ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരും സംയുക്തമായി ഏഴ് തദ്ദേശീയ ജനവിഭാഗങ്ങള്‍ക്ക് (Williams Treaties First Nations) 700 മില്യണ്‍ ഡോളറിന്റെ (ഏകദേശം 5,800 കോടി രൂപ) വായ്പാ ഗ്യാരണ്ടി പ്രഖ്യാപിച്ചു. ഒന്റാരിയോ പവര്‍ ജനറേഷന്‍ (OPG) ബോവ്മാന്‍വില്ലിലെ ഡാര്‍ലിങ്ടണ്‍ ആണവനിലയത്തില്‍ നിര്‍മ്മിക്കുന്ന നാല് ചെറുകിട മോഡുലാര്‍ റിയാക്ടറുകളില്‍ (SMR) ഒന്നിന്റെ ഓഹരി പങ്കാളിത്തം സ്വന്തമാക്കാനാണ് ഫസ്റ്റ് നേഷന്‍സിന് ഈ തുക നല്‍കുന്നത്.

കാനഡയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ആണവ റിയാക്ടറില്‍ തദ്ദേശീയ ഗോത്രവിഭാഗങ്ങള്‍ക്ക് ഇക്വിറ്റി പങ്കാളിത്തം (Equity partnership) ലഭിക്കുന്നതെന്ന് ഒന്റാരിയോ ഊര്‍ജ്ജ-ഖനി വകുപ്പ് മന്ത്രി സ്റ്റീഫന്‍ ലെച്ചെ വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഈ നിക്ഷേപത്തിലൂടെ തദ്ദേശീയ വിഭാഗങ്ങള്‍ക്ക് നിലയത്തില്‍ മൈനോറിറ്റി ഓഹരി പങ്കാളിത്തം ലഭിക്കുമെന്നും, ഇത് തദ്ദേശീയരുടെ സാമ്പത്തിക പുനരൈക്യത്തിനും (Economic reconciliation) വളര്‍ച്ചയ്ക്കും വലിയ രീതിയില്‍ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലേക് ഒന്റാരിയോ, ലേക് സിംകോ എന്നിവയ്ക്ക് സമീപമുള്ള അല്‍ഡൈര്‍വില്‍, കര്‍വ് ലേക്, ഹിയാവത, സ്‌കൂഗോഗ് ഐലന്‍ഡ്, ചിപ്പെവാസ് ഓഫ് ബ്യൂസൊലൈല്‍, ചിപ്പെവാസ് ഓഫ് ജോര്‍ജിന ഐലന്‍ഡ്, ചിപ്പെവാസ് ഓഫ് രാമ എന്നീ ഏഴ് ഫസ്റ്റ് നേഷന്‍സ് കമ്മ്യൂണിറ്റികളാണ് കരാറിന്റെ ഭാഗമാകുന്നത്. ഈ കരാര്‍ തങ്ങളുടെ ചരിത്രപരമായ മുന്നേറ്റമാണെന്ന് വിലയിരുത്തിയ ഗോത്രത്തലവന്മാര്‍, സ്വന്തം പ്രദേശങ്ങളില്‍ നടക്കുന്ന ഇത്തരം വന്‍കിട പദ്ധതികളില്‍ തദ്ദേശീയരെ വെറും അവകാശികളായി മാത്രമല്ല, നിക്ഷേപകരും പങ്കാളികളുമായിക്കൂടി ഉള്‍പ്പെടുത്തുമ്പോള്‍ വലിയ വിജയങ്ങളാണ് ഉണ്ടാകുകയെന്ന് സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ജി7 രാജ്യങ്ങളില്‍ വെച്ച് ആദ്യമായി നിര്‍മ്മാണം ആരംഭിച്ച ഈ എസ്.എം.ആര്‍ (SMR) ആണവനിലയ പദ്ധതിക്ക് മൊത്തം 21 ബില്യണ്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇതില്‍ ഒന്നാമത്തെ റിയാക്ടറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 2030-ഓടെ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ നാല് റിയാക്ടറുകളും പൂര്‍ണ്ണ സജ്ജമാകുന്നതോടെ ആകെ 1,200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും. ഇത് കാനഡയിലെ 12 ലക്ഷത്തിലധികം വീടുകളിലേക്ക് ആവശ്യമായ വൈദ്യുതി തടസ്സമില്ലാതെ എത്തിക്കാന്‍ പര്യാപ്തമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!