മസ്കറ്റ്: ഹോർമൂസ് കടലിടുക്കിന്റെ സുരക്ഷയും പ്രവർത്തന നിയന്ത്രണങ്ങളും സംബന്ധിച്ച നിർണായക ചർച്ചകൾക്കായി ഇറാനിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം ഒമാനിലെത്തി. തന്ത്രപ്രധാനമായ ഈ കടൽമാർഗത്തിന്റെ ഭാവി സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് സന്ദർശനം.
ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒമാൻ തലസ്ഥാനമായ മസ്കറ്റിൽ എത്തിയത്. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി പ്രതിനിധി സംഘത്തെ ഔപചാരികമായി സ്വീകരിച്ചു. ചർച്ചകളിൽ ഹോർമൂസ് കടലിടുക്കിലൂടെ നടക്കുന്ന അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ, പ്രവർത്തന കാര്യക്ഷമത, ഭാവി നിയന്ത്രണങ്ങൾ എന്നിവ പ്രധാന വിഷയങ്ങളായി പരിഗണിക്കപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ അടുത്തിടെ ഉണ്ടായ ഇറാൻ–യു.എസ് ധാരണാപത്രം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിൽ ഉൾപ്പെടും.

രാജ്യാന്തര നിയമങ്ങൾ പാലിച്ചുകൊണ്ട്, തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം യാതൊരുവിധ നികുതികളോ തടസ്സങ്ങളോ ഇല്ലാതെ സുരക്ഷിതമായി പ്രവർത്തിക്കാൻ ഒമാനും ഇറാനും പ്രതിജ്ഞാബദ്ധമാണെന്ന് നേതാക്കൾ വ്യക്തമാക്കി.
