ചെന്നൈ: മുൻ സർക്കാരിന്റെ ‘സാമൂഹിക നീതി’ അവകാശവാദങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി വിജയ്. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പുകൾ അക്കമിട്ടു നിരത്തിയായിരുന്നു മുഖ്യമന്ത്രിയുടെ ശക്തമായ ആക്രമണം. ജനങ്ങളുടെ പണം കൊള്ളയടിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അഴിമതിക്കാർ ആരും രക്ഷപ്പെടില്ലെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.

ദളിത്-വനിതാ പ്രാതിനിധ്യം: പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി സ്വയം ‘സാമൂഹിക നീതി സർക്കാർ’ എന്ന് വിശേഷിപ്പിക്കുന്നവർ മുൻപ് എത്ര പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് മന്ത്രിസ്ഥാനം നൽകിയെന്ന് മുഖ്യമന്ത്രി വിജയ് ചോദിച്ചു. തന്റെ സർക്കാരിന്റെ നേട്ടങ്ങൾ അദ്ദേഹം സഭയിൽ ചൂണ്ടിക്കാണിച്ചു
എട്ട് ദളിത് മന്ത്രിമാർ: നമ്മുടെ സർക്കാരിൽ എട്ട് ദളിത് സഹോദരങ്ങൾക്കാണ് മന്ത്രിസ്ഥാനം നൽകിയിരിക്കുന്നത്. ഇത് ഡോ. ബി.ആർ. അംബേദ്കറുടെ നൂറ്റാണ്ടുകാലത്തെ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ്.
നാല് വനിതാ മന്ത്രിമാർ: സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലരാകുന്നവർ എത്ര വനിതകൾക്ക് മുൻപ് മന്ത്രിപദം നൽകിയെന്ന് ചോദിച്ച മുഖ്യമന്ത്രി, തന്റെ മന്ത്രിസഭയിൽ നാല് വനിതകൾക്ക് സുപ്രധാന സ്ഥാനം നൽകിയെന്നും ഓർമ്മിപ്പിച്ചു.
അഴിമതിക്കെതിരെ കർശന മുന്നറിയിപ്പ് പാർട്ടി ഫണ്ടിന്റെ പേരിൽ മുൻപ് നടന്ന കൊള്ളകൾ ഓരോന്നായി ജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. “ജനങ്ങളുടെ പണത്തിൽ നിന്ന് ഒരു പൈസ പോലും ഈ സർക്കാർ തൊടില്ല; തൊടാൻ അനുവദിക്കുകയുമില്ല. ഇതിനുമുമ്പ് ജനങ്ങളുടെ പണം കവർന്നവരെ ഞങ്ങൾ വെറുതെ വിടില്ല. അഴിമതികൾ ഓരോന്നായി പുറത്തുവരും, കാത്തിരുന്നു കണ്ടോളൂ…” – മുഖ്യമന്ത്രി വിജയ് പറഞ്ഞു.
തെറ്റ് ചെയ്യാത്തവർക്കും അഴിമതി നടത്താത്തവർക്കും മാത്രമേ തങ്ങളുടെ സഖ്യസർക്കാരിന്റെ ഭാഗമാകാൻ സാധിക്കൂ എന്നും മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് പാർട്ടികൾ പിന്തുണ നൽകിയത് അവരുടെ സ്വതന്ത്രമായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയഗാന വിവാദം: 2021-ലെ ചരിത്രം ഓർമ്മിപ്പിച്ചു നിയമസഭയിലെ ദേശീയഗാന പ്രോട്ടോക്കോൾ സംബന്ധിച്ച് പ്രതിപക്ഷം ഉയർത്തിയ വിമർശനങ്ങൾക്ക് കൃത്യമായ രേഖകൾ സഹിതമാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. 2021 ഓഗസ്റ്റ് 2-ന് നടന്ന തമിഴ്‌നാട് നിയമസഭയുടെ ശതാബ്ദി ആഘോഷ ചടങ്ങുകൾ അദ്ദേഹം സഭയെ ഓർമ്മിപ്പിച്ചു. മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ചിത്രം അന്നത്തെ ബഹുമാനപ്പെട്ട രാഷ്ട്രപതി അനാച്ഛാദനം ചെയ്ത ചടങ്ങിൽ, ദേശീയഗാനത്തിന് ശേഷമാണ് രണ്ടാമതായി ‘തമിഴ് തായ് വാഴ്ത്ത്’ ആലപിച്ചത്. ചടങ്ങിന്റെ അവസാനം വീണ്ടും ദേശീയഗാനം ആലപിക്കുകയും ചെയ്തു. ഇതേ നിയമസഭയിൽ നടന്ന ഇത്തരം കാര്യങ്ങൾ മറച്ചുവെച്ചാണ് ഇപ്പോൾ പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘ചെകുത്താന്മാർ വേദം ഓതരുത്’ ഭാഷയുടെയും സംസ്കാരത്തിന്റെയും പേരിൽ ഇരട്ടത്താപ്പ് കാണിക്കുന്നവരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. “ഈവിൾസ്” (Evils) എന്ന് ചെകുത്താന്മാർ (Devils) സംസാരിക്കരുതെന്ന മാസ്സ് ഡയലോഗിലൂടെയാണ് മുഖ്യമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകളെ സഭയിലുണ്ടായിരുന്ന അംഗങ്ങൾ വലിയ കൈയടികളോടെയാണ് സ്വീകരിച്ചത്. പ്രസംഗത്തിനൊടുവിൽ പ്രതിപക്ഷത്തോട് താക്കീത് നൽകുന്ന തരത്തിൽ അദ്ദേഹം ചില ആംഗ്യങ്ങൾ കാണിച്ചു
