Tuesday, June 23, 2026

കാനഡയില്‍ പൊലീസിന് നേരെയുളള ആക്രമണങ്ങള്‍ വര്‍ധിക്കുന്നുവോ?; ശരാശരിയെക്കാള്‍ കുറവെന്ന് വിദഗ്ധര്‍

മണ്‍ട്രിയോള്‍: കാനഡയില്‍ തുടര്‍ച്ചായി ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുന്നത് ആശങ്കയാകുന്നു. കഴിഞ്ഞ തിങ്കളാഴ്ച മണ്‍ട്രിയോളിലെ കോട്ട്-ഡെസ്-നെയിഷസ് മേഖലയിലെ ഒരു ഹോട്ടലിലുണ്ടായ സായുധ ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഈ അക്രമത്തില്‍ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും വഴിയാത്രക്കാരനും പരുക്കേറ്റിട്ടുണ്ട്. രണ്ട് ആഴ്ചയ്ക്കുള്ളില്‍ കാനഡയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ പോലീസ് ഉദ്യോഗസ്ഥനാണ് ഇത്. ഇതോടെ രാജ്യത്ത് പോലീസിനെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുകയാണോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്.

സസ്‌കച്വാനിലെ മെല്‍വില്ലില്‍ സഹായ അഭ്യര്‍ത്ഥനയോട് പ്രതികരിക്കാനെത്തിയ രണ്ട് ആര്‍.സി.എം.പി ഉദ്യോഗസ്ഥര്‍ക്ക് വെടിയേറ്റ് പരിക്കേറ്റതിന്റെ തൊട്ടടുത്ത ദിവസമാണ് മണ്‍ട്രിയോളിലെ ഈ ദാരുണ സംഭവം. എന്നാല്‍ ഗവേഷകരുടെ അഭിപ്രായത്തില്‍, ഈ വര്‍ഷം ഡ്യൂട്ടിക്കിടെ കൊല്ലപ്പെടുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ശരാശരിക്കുള്ളില്‍ തന്നെയാണ് എന്നാണ. മുന്‍ ദശകങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ അക്രമങ്ങള്‍ മൂലം പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടാനുള്ള സാധ്യത കുറവാണെന്ന് ഒട്ടാവ സര്‍വകലാശാലയിലെ ക്രിമിനോളജി പ്രൊഫസറായ ജസ്റ്റിന്‍ പിഷെ (Justin Piché) വ്യക്തമാക്കുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മരണങ്ങളെ ഒരു പൊതു ട്രെന്‍ഡ് ആയി കാണാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1960-കള്‍ മുതലുള്ള കണക്കുകള്‍ പ്രകാരം, പോലീസിനെ ലക്ഷ്യമിട്ടുള്ള ബോധപൂര്‍വ്വമായ അക്രമങ്ങളിലെ മരണനിരക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറവാണെന്നും, 2026-ലെ ബാക്കി മാസങ്ങളില്‍ ഈ അവസ്ഥ തുടരുകയാണെങ്കില്‍ ഇത് ശരാശരിയിലും കുറഞ്ഞ മരണങ്ങള്‍ മാത്രമുള്ള ഒരു വര്‍ഷമായിരിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

ഈ വര്‍ഷം ഇതുവരെ കാനഡയില്‍ ഡ്യൂട്ടിക്കിടെ നാല് പോലീസ് ഉദ്യോഗസ്ഥരാണ് മരണപ്പെട്ടത്, അതില്‍ മൂന്ന് പേര്‍ അക്രമങ്ങളിലാണ് കൊല്ലപ്പെട്ടത്. എന്നാല്‍ 2024, 2025 വര്‍ഷങ്ങളില്‍ കാനഡയില്‍ ഒരൊറ്റ പോലീസ് ഉദ്യോഗസ്ഥന്‍ പോലും ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടിരുന്നില്ല എന്നത് കഴിഞ്ഞ 64 വര്‍ഷത്തെ ചരിത്രത്തിലെ ഒരു അപൂര്‍വ്വ പ്രതിഭാസമായിരുന്നു. 2023-ല്‍ എട്ട് ഉദ്യോഗസ്ഥര്‍ മരണപ്പെട്ടതില്‍ ആറ് പേരും ക്രൂരമായ അക്രമങ്ങള്‍ക്ക് ഇരയാവുകയായിരുന്നു. 1962 മുതല്‍ 2026 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കാനഡയിലാകെ 415 പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കിടെ മരണപ്പെട്ടിട്ടുണ്ട്, അതായത് പ്രതിവര്‍ഷം ശരാശരി 6.5 മരണങ്ങള്‍. മോണ്‍ട്രിയലില്‍ സംഭവിച്ചത് ‘അങ്ങേയറ്റം അപൂര്‍വ്വമായ’ കാര്യമാണെന്ന് ക്യൂബെക് ആഭ്യന്തര സുരക്ഷാ മന്ത്രി ഇയാന്‍ ലാഫ്രെനിയര്‍ (Ian Lafrenière) വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിച്ചു. വാഹനാപകടങ്ങളാണ് പോലീസ് ഉദ്യോഗസ്ഥരുടെ മരണത്തിന് പ്രധാന കാരണം, തൊട്ടുപിന്നില്‍ വെടിയേറ്റുള്ള മരണങ്ങളുമുണ്ട്.

ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസിലെ (OPP) സര്‍ജന്റ് ബ്രാന്‍ഡന്‍ മാല്‍ക്കം (33) ഏപ്രില്‍ മാസത്തില്‍ ടൊറന്റോയ്ക്ക് പുറത്തുണ്ടായ ബൈക്കപകടത്തിലാണ് മരിച്ചത്. ജൂണ്‍ 9-ന് ഒന്റാരിയോയിലെ ഹേര്‍സ്റ്റിന് സമീപം വാഹനം തടയാന്‍ ശ്രമിക്കുന്നതിനിടെ ഒ.പി.പി കോണ്‍സ്റ്റബിള്‍ തരുണ്‍ ബാലി കൊല്ലപ്പെട്ടു. ആശുപത്രിയില്‍ നിന്ന് ചാടിപ്പോയ 18-കാരനാണ് ഈ കേസില്‍ പ്രതി. ജൂണ്‍ 11-ന് ടൊറന്റോയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ പരിശോധന നടത്തുന്നതിനിടെ കോണ്‍സ്റ്റബിള്‍ മാര്‍ക് പിനിസോട്ടോ (43) വെടിയേറ്റ് മരിച്ചു. കൂടാതെ, ജൂണ്‍ 14-ന് ടൊറന്റോയില്‍ ഒരു ഉദ്യോഗസ്ഥനെ കാറിടിച്ചു വീഴ്ത്തിയ സംഭവത്തില്‍ വധശ്രമത്തിന് 12 വയസ്സുകാരനെതിരെ കേസെടുത്തിട്ടുണ്ട്. മിസിസാഗയിലും (Mississauga) പോലീസിന് നേരെ വെടിയുതിര്‍ത്ത 24-കാരന്‍ പിടിയിലായിട്ടുണ്ട്.

പോലീസിനോടുള്ള പൊതുജനങ്ങളുടെ വിശ്വാസത്തിലും സമീപനത്തിലും വലിയ മാറ്റം വന്നിട്ടുണ്ടെന്ന് കാള്‍ട്ടണ്‍ സര്‍വകലാശാലയിലെ അഡ്ജങ്ക്റ്റ് പ്രൊഫസറും മുന്‍ പോലീസ് ഉദ്യോഗസ്ഥനുമായ ഗ്രെഗ് ബ്രൗണ്‍ (Greg Brown) പറയുന്നു. നിയമപാലകരോടുള്ള മനോഭാവത്തില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഉണ്ടായ മാറ്റങ്ങള്‍ ഈ അക്രമങ്ങള്‍ക്ക് കാരണമായിട്ടുണ്ടാകാം. അവിശ്വാസം വര്‍ദ്ധിച്ചതോടെ പോലീസിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുന്നതും ബുദ്ധിമുട്ടിലായിട്ടുണ്ട്. നിയമവിരുദ്ധ ആയുധങ്ങളുടെ വ്യാപനവും, നിയന്ത്രണങ്ങളിലെ പോരായ്മകളും വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ച് ഗാങ് സംസ്‌കാരത്തെ (Gang culture) മഹത്വവത്കരിക്കുന്നതും മറ്റുള്ളവരെ അനുകരിക്കുന്നതുമാണ് ഇത്തരം വെടിവെയ്പ്പുകളിലേക്ക് നയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടുന്ന ഭൂരിഭാഗവും യുവാക്കളാണെന്നും അവരുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്നും വിദഗ്ദ്ധര്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ ഈ അക്രമങ്ങളുടെ കൃത്യമായ കാരണങ്ങളെക്കുറിച്ച് അന്തിമ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്നാണ് നിരീക്ഷണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!