വാഷിംഗ്ടൺ: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായി ഇസ്രായേലും ലെബനനും പുതിയ സമാധാന കരാറിൽ (Framework agreement) ഒപ്പുവെച്ചു. വെള്ളിയാഴ്ച വാഷിംഗ്ടണിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇരു രാജ്യങ്ങളും കരാറിലെത്തിയത്. എന്നാൽ, ഹിസ്ബുള്ള പൂർണ്ണമായും ആയുധം താഴെവെച്ചില്ലെങ്കിൽ തെക്കൻ ലെബനനിൽ ഇസ്രായേൽ സൈന്യത്തിന്റെ സാന്നിധ്യം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ നടന്ന ചടങ്ങിൽ ലെബനൻ അംബാസഡർ നാദ മൊവാദ്, ഇസ്രായേൽ പ്രതിനിധി യെച്ചിയേൽ ലെയ്റ്റർ എന്നിവരാണ് യു.എസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കരാറിൽ ഒപ്പുവെച്ചത്. ബുദ്ധിമുട്ടേറിയ ഒരു യാത്രയുടെ ആദ്യപടിയാണിതെന്ന് ചടങ്ങിൽ പങ്കെടുത്ത യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു. കരാർ നടപ്പിലാക്കാൻ യു.എസ് നേതൃത്വത്തിൽ ത്രികക്ഷി സൈനിക ഏകോപന സമിതി രൂപീകരിക്കും. ലെബനന് 100 ദശലക്ഷം ഡോളറിന്റെ അടിയന്തര മാനുഷിക സഹായം നൽകുമെന്നും, ലെബനീസ് സായുധ സേനയെ ശക്തിപ്പെടുത്താൻ 30 ദശലക്ഷം ഡോളറിന്റെ ഫണ്ട് നൽകുമെന്നും അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ട്.
കരാറിന്റെ ഭാഗമായി ഇസ്രായേൽ സേന പിൻവാങ്ങുന്ന രണ്ട് ‘പൈലറ്റ് സോണുകളുടെ’ നിയന്ത്രണം ലെബനീസ് സൈന്യത്തിന് കൈമാറുമെന്ന് നെതന്യാഹു അറിയിച്ചു. ഹിസ്ബുള്ളയെ പിരിച്ചുവിടുന്നതിലും നിരായുധീകരിക്കുന്നതിലും ലെബനീസ് സൈന്യം എത്രത്തോളം വിജയിക്കുന്നു എന്നതനുസരിച്ച് കൂടുതൽ മേഖലകളിൽ നിന്ന് പിൻവാങ്ങുമെന്നും ഇസ്രായേൽ വ്യക്തമാക്കി. നഷ്ടപ്പെട്ട പരമാധികാരം വീണ്ടെടുക്കുന്നതിനായുള്ള ആദ്യപടിയായാണ് ലെബനീസ് പ്രസിഡന്റ് ജോസഫ് ഔൻ കരാറിനെ വിശേഷിപ്പിച്ചത്.
എന്നാൽ ഈ കരാറിനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഹിസ്ബുള്ള. ആയുധങ്ങൾ ഉപേക്ഷിക്കില്ലെന്നും, സർക്കാരിന്റെ ഇത്തരം നടപടികളെ ശക്തമായി നേരിടുമെന്നും ഹിസ്ബുള്ള എം.പി ഹസ്സൻ ഫദ്ലല്ല മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മാർച്ച് 2-നാണ് ഇസ്രായേൽ-ഹിസ്ബുള്ള പോരാട്ടം രൂക്ഷമായത്. സംഘർഷത്തിൽ ലെബനനിൽ ഇതുവരെ 4,000-ത്തിലധികം പേർ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തിലധികം പേർ പലായനം ചെയ്യുകയും ചെയ്തു. കുറഞ്ഞത് 32 സൈനികരും നാല് സാധാരണക്കാരും ഇസ്രായേലിലും കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ഹിസ്ബുള്ള പോരാളികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഇതിനിടെ, പുതിയ വെടിനിർത്തൽ തീരുമാനത്തിന് ശേഷവും തെക്കൻ ലെബനനിൽ സംഘർഷം തുടരുകയാണ്. വെള്ളിയാഴ്ച ഏഴ് ഹിസ്ബുള്ള പ്രവർത്തകരെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. കൂടാതെ തെക്കൻ ലെബനനിലെ മൻസൂരി നഗരത്തിൽ അടിയന്തരമായി ഒഴിഞ്ഞുപോകാൻ നിർദേശിച്ച് ഇസ്രായേൽ സേന ലഘുലേഖകളും വിതരണം ചെയ്തിട്ടുണ്ട്. ഈ പ്രദേശം തങ്ങളുടെ സുരക്ഷാ മേഖലയിലാണെന്നും ജനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും ഓർമ്മിപ്പിക്കാനാണ് ഇതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വിശദീകരണം.
