തിരുവനന്തപുരം: കീം (KEAM) 2026 പരീക്ഷാഫലം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പ്രഖ്യാപിച്ചു. എൻജിനീയറിങ് റാങ്ക് പട്ടികയിൽ 79,717 വിദ്യാർഥികളും ഫാർമസി റാങ്ക് പട്ടികയിൽ 26,943 വിദ്യാർഥികളും ഇടംനേടി.
അങ്കമാലി സ്വദേശി റോഷൻ രാജുവാണ് എൻജിനീയറിങ് വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയത്. കണ്ണൂർ സ്വദേശി ധ്യാൻ തേജ് രണ്ടാം റാങ്കും തൃശൂർ സ്വദേശി വിസ്മയ കെ ആർ മൂന്നാം റാങ്കും കരസ്ഥമാക്കി.
ഫാർമസി വിഭാഗത്തിൽ തൃശൂർ സ്വദേശി വിനായക് നാരായണൻ ഒന്നാം റാങ്കും ജെസ്സി ജസ്റ്റിൻ രണ്ടാം റാങ്കും നേടി. മലപ്പുറം സ്വദേശി ദിയ ഫാത്തിമ മൂന്നാം റാങ്ക് നേടി.
കേരളത്തിലും സംസ്ഥാനത്തിന് പുറത്തും വിദേശത്തുമായി ഒരുക്കിയ പരീക്ഷാകേന്ദ്രങ്ങളിൽ ആകെ 96,750 വിദ്യാർഥികളാണ് എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയത്. ഇതിൽ 79,717 പേർ യോഗ്യത നേടി.

ഏറെ തയ്യാറെടുപ്പുകളോടെയാണ് പരീക്ഷ നടത്തിയതെന്നും പരാതികളില്ലാതെ സമയബന്ധിതമായി പൂർത്തിയാക്കാനായെന്നും മന്ത്രി റോജി എം. ജോൺ പറഞ്ഞു.. കേരളത്തിൽ 192 പരീക്ഷാ കേന്ദ്രങ്ങൾ ഉൾപ്പെടെ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
സിബിഎസ്ഇ പുനർമൂല്യനിർണയ ഫലം വൈകിയതിനാൽ ചില വിദ്യാർഥികൾക്ക് മാർക്ക് ലിസ്റ്റ് അപ്ലോഡ് ചെയ്യാൻ കഴിയാതിരുന്നതാണ് ഫലപ്രഖ്യാപനം വൈകാൻ കാരണമെന്ന് മന്ത്രി വിശദീകരിച്ചു. വിദ്യാർഥികളുടെ സൗകര്യം പരിഗണിച്ച് മാർക്ക് ലിസ്റ്റ് സമർപ്പിക്കാനുള്ള സമയം രണ്ട് തവണ ദീർഘിപ്പിച്ചിരുന്നുവെന്നും അലോട്ട്മെന്റ് നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
