യെല്ലോനൈഫ്: നോര്‍ത്ത് വെസ്റ്റ് ടെറിട്ടറീസില്‍ (N.W.T.) കാട്ടുതീ (Wildfire) പടര്‍ന്നു. ഫോര്‍ട്ട് സിംപ്സണ് (Fort Simposn) കമ്മ്യൂണിറ്റിയില്‍ ഒഴിപ്പിക്കല്‍ നിര്‍ദ്ദേശം (Evacuation Alert) പുറപ്പെടുവിച്ചു. പ്രവിശ്യയിലുടനീളം നിലവില്‍ 66 ഇടങ്ങളിലാണ് കാട്ടുതീ ആളിപ്പടരുന്നത്. ഇതില്‍ ഭൂരിഭാഗവും നോര്‍ത്ത് സ്ലേവ് (North Slave) മേഖലയിലാണ്.
കാട്ടുതീ ഫോര്‍ട്ട് സിംപ്സണ് ജനവാസ മേഖലയില്‍ നിന്നും വെറും 8 കിലോമീറ്റര്‍ മാത്രം അകലെയാണെന്ന് എന്‍.ഡബ്ല്യു.ടി. ഫയര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തോമസ് ബെന്താം സ്ഥിരീകരിച്ചു. എന്നാല്‍ കഴിഞ്ഞ രാത്രിയില്‍ എയര്‍ ടാങ്കറുകള്‍ ഉപയോഗിച്ച് നടത്തിയ തീപിടുത്ത നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വലിയ വിജയമായിരുന്നെന്നും, വടക്ക്-കിഴക്ക് ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടയാന്‍ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. തീ പൂര്‍ണ്ണമായും അണയ്ക്കുന്നതിനായി കൂടുതല്‍ ഹെലികോപ്റ്ററുകളും എയര്‍ ടാങ്കറുകളും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പ്രത്യേക ദ്രുതകര്‍മ്മ സേനയായ ‘ഇന്‍സിഡന്റ് മാനേജ്മെന്റ് ടീമും’ കൂടുതല്‍ അഗ്നിശമന സേനാംഗങ്ങളും പ്രവര്‍ത്തിച്ചു വരികയാണ്.

വലിയ മഴയില്ലാതെ കടുത്ത ചൂടും വരണ്ട കാലാവസ്ഥയുമുള്ള സാഹചര്യത്തില്‍ ഉണ്ടാകുന്ന ‘ഡ്രൈ ലൈറ്റ്നിങ്’ ആണ് കാട്ടുതീ പടരാന്‍ കാരണം. വെള്ളിയാഴ്ച മാത്രം ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 27 പുതിയ കാട്ടുതീകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ കാറ്റും പുകയും ജനവാസ മേഖലയില്‍ നിന്നും വിപരീത ദിശയിലേക്ക് വീശുന്നത് താല്‍ക്കാലിക ആശ്വാസം നല്‍കുന്നുണ്ടെങ്കിലും വരും ദിവസങ്ങളിലും കാലാവസ്ഥ കൂടുതല്‍ വരണ്ടതായി തുടരുമെന്നതിനാല്‍ ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല.
വുഡ് ബഫല്ലോ നാഷണല്‍ പാര്‍ക്ക്, ഫോര്‍ട്ട് സ്മിത്ത് തുടങ്ങിയ മേഖലകളില്‍ ഇനിയും കാട്ടുതീ പടരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു. നിലവിലുള്ള പരിമിതമായ സുരക്ഷാ സജ്ജീകരണങ്ങള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ഉപയോഗിക്കുന്നതിനാല്‍, ഈ സമയത്ത് ക്യാമ്പിങ്ങിനും മറ്റുമായി കാടുകളിലേക്ക് പോകുന്നവര്‍ മനുഷ്യസഹജമായ കാരണങ്ങളാല്‍ മറ്റൊരു തീപിടുത്തം കൂടി ഉണ്ടാക്കാതിരിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് എന്‍.ഡബ്ല്യു.ടി. ഫയര്‍ അഭ്യര്‍ത്ഥിച്ചു.
