Sunday, June 28, 2026

പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവം: ‘പ്രോട്ടോക്കോള്‍ വീഴ്ച ഉണ്ടായി, അച്ചടക്ക നടപടിയുണ്ടാകും’: ARC അശ്വതി ശ്രീനിവാസ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്കുള്ള പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തില്‍ ഗുരുതരമായ പ്രോട്ടോക്കോള്‍ വീഴ്ചയുണ്ടായതായി കേരളാ ഹൗസ് അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ (ARC) അശ്വതി ശ്രീനിവാസ് വ്യക്തമാക്കി. പ്രോട്ടോക്കോള്‍ ഓഫീസറും ഇന്‍ഡിഗോ വിമാനക്കമ്പനിയും തമ്മിലുള്ള ആശയവിനിമയത്തിലാണ് വീഴ്ച സംഭവിച്ചത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടിയുണ്ടാകുമെന്നും അവര്‍ അറിയിച്ചു.

പ്രതിപക്ഷനേതാവിന്റെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ പ്രോട്ടോക്കോള്‍ വിഭാഗം മുന്‍കൂട്ടി ഇന്‍ഡിഗോ കമ്പനിയെ അറിയിച്ചിരുന്നെങ്കിലും അവരുടെ ഭാഗത്തുനിന്നും മറുപടിയൊന്നും ലഭിച്ചിരുന്നില്ലെന്ന് അശ്വതി ശ്രീനിവാസ് പറഞ്ഞു. ഇതാദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും വിഷയം ഇന്‍ഡിഗോയുടെ കോര്‍പ്പറേറ്റ് തലത്തിലേക്ക് കൈമാറി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും എആര്‍സി വ്യക്തമാക്കി.

സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായാണ് വ്യാഴാഴ്ച പിണറായി വിജയന്‍ ഡല്‍ഹിയിലെത്തിയത്. യോഗത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് 2.50-നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കോഴിക്കോട്ടേക്ക് മടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനായി കൃത്യസമയത്ത് തന്നെ അദ്ദേഹം ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയിരുന്നു.

എന്നാല്‍ വിമാനത്താവളത്തിലെ വിഐപി ലോഞ്ചില്‍ വിശ്രമിക്കുകയായിരുന്ന പ്രതിപക്ഷനേതാവിനെ സ്വീകരിക്കാന്‍ വിമാനക്കമ്പനി അധികൃതര്‍ എത്താതിരുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. കൃത്യസമയത്ത് അറിയിപ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന് വിമാനത്തില്‍ കയറാന്‍ സാധിച്ചില്ല. മണിക്കൂറുകളോളം വൈകിയ യാത്രയ്ക്ക് പിന്നില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അലംഭാവമാണെന്നാണ് വിലയിരുത്തല്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!