മസ്‌കത്ത്: ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഞായറാഴ്ച ഫ്രാന്‍സിലേക്ക് തിരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഈ സന്ദര്‍ശനം. 2020 ജനുവരിയില്‍ ഒമാന്റെ ഭരണം ഏറ്റെടുത്ത ശേഷം യൂറോപ്യന്‍ രാജ്യത്തിലേക്ക് സുല്‍ത്താന്‍ നടത്തുന്ന ആദ്യത്തെ ഔദ്യോഗിക ഭരണതല സന്ദര്‍ശനമാണിത്.
സന്ദര്‍ശന വേളയില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഫ്രഞ്ച് പ്രസിഡന്റുമായി ഉന്നതതല ചര്‍ച്ചകള്‍ നടത്തും. അഞ്ച് പതിറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനൊപ്പം വാണിജ്യം, നിക്ഷേപം, ഊര്‍ജ്ജം, പ്രതിരോധം, സംസ്‌കാരം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള വഴികളും ഇരു നേതാക്കളും ചര്‍ച്ച ചെയ്യും.

കൂടാതെ, ജലശുദ്ധീകരണം, പരിസ്ഥിതി സംരക്ഷണം, ഗതാഗതം, ബഹിരാകാശം, സാങ്കേതികവിദ്യ, ഹരിത ഊര്‍ജ്ജ കൈമാറ്റം (Energy Transition) ഉള്‍പ്പെടെയുള്ള നിര്‍ണായക മേഖലകളില്‍ ഏകദേശം 2.25 ബില്യണ്‍ ഡോളറിന്റെ വിവിധ കരാറുകളിലും പദ്ധതികളിലും ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ സുപ്രധാന വിഷയങ്ങളില്‍ ഇരുരാജ്യങ്ങളുടെയും നിലപാടുകള്‍ ഏകോപിപ്പിക്കുന്നതിനും ഈ സന്ദര്‍ശനം വഴിയൊരുക്കും.
ഒമാന്‍ ഉപപ്രധാനമന്ത്രി (പ്രതിരോധം) സയ്യിദ് ഷിഹാബ് ബിന്‍ താരിഖ് അല്‍ സെയ്ദ്, ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫീസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘവും സുല്‍ത്താനെ അനുഗമിക്കുന്നുണ്ട്.
