എഡ്മിന്റൻ: കാൽഗറി നഗരത്തിലെ ചരിത്രപ്രസിദ്ധമായ സ്റ്റീഫൻ അവന്യൂ നവീകരണ പദ്ധതി പൂർത്തിയായി. 2025-ലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. വരാനിരിക്കുന്ന കാൽഗറി സ്റ്റാംപീഡ് ഫെസ്റ്റിവലിന് മുന്നോടിയായാണ് ഈ പ്രവൃത്തികൾ പൂർത്തിയാക്കിയത്.ഫസ്റ്റ് സ്ട്രീറ്റിനും സെന്റർ സ്ട്രീറ്റിനും ഇടയിലുള്ള ഭാഗത്താണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. റോഡിന്റെ ഉപരിതലത്തിൽ പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കുകയും ബെഞ്ചുകൾ സ്ഥാപിക്കുകയും ഉത്സവങ്ങൾക്കും ദൈനംദിന ഉപയോഗത്തിനുമായി പൊതുസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു.
അതേസമയം, റോഡിന് അടിയിലുള്ള നൂറിലേറെ വർഷം പഴക്കമുള്ള കുടിവെള്ള പൈപ്പുകൾ, മഴ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം, വൈദ്യുതി, ലൈറ്റിങ് സംവിധാനങ്ങൾ എന്നിവ പൂർണമായി നവീകരിച്ചു. ഭാവിയിലും ഈ പ്രദേശം സുരക്ഷിതമായും കാര്യക്ഷമമായും ഉപയോഗിക്കാൻ ഇത് സഹായിക്കുമെന്ന് ഭരണകൂടം വ്യക്തമാക്കി.

2019-ൽ പൊതുജനങ്ങളുടെ അഭിപ്രായം തേടിയുള്ള പഠനത്തോടെയാണ് സ്റ്റീഫൻ അവന്യൂ നവീകരണ പദ്ധതിക്ക് തുടക്കമായത്. തുടർന്ന് മാസ്റ്റർ പ്ലാനും രൂപകൽപ്പനയും പൂർത്തിയാക്കിയ ശേഷം 2025-ലാണ് നിർമ്മാണം ആരംഭിച്ചത്. പദ്ധതിയുടെ ആദ്യഘട്ടത്തിനായി 36.2 മില്യൺ കനേഡിയൻ ഡോളറാണ് വകയിരുത്തിയിരുന്നത്.
നിർമാണം ആരംഭിക്കുന്നതിന് മുമ്പ് പ്രദേശത്തെ ചില വ്യാപാരികൾ ആശങ്കകൾ ഉന്നയിക്കുകയും നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതിനെ തുടർന്ന് പദ്ധതി താൽക്കാലികമായി വൈകിയിരുന്നു. പിന്നീട് നഗരഭരണം വിവിധ വിഭാഗങ്ങളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോയത്.
