കൊച്ചി: സംവിധായകൻ രഞ്ജിത്ത് എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരുക്കുന്ന ‘ലോ ആൻഡ് ഓർഡർ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഈ മാസം 24ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. റിലീസ് പ്രഖ്യാപനത്തോടനുബന്ധിച്ച് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
‘തുടരും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രകാശ് വർമ്മയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം, 2004-ൽ പുറത്തിറങ്ങിയ ‘ബ്ലാക്ക്’ എന്ന ചിത്രത്തിലെ ആരാധകർ ഏറ്റെടുത്ത കാരിക്കാമുറി ഷണ്മുഖൻ എന്ന കഥാപാത്രമായി മമ്മൂട്ടി വീണ്ടും എത്തുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജോണി ആന്റണി, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, മോഹൻ ജോസ്, സാബുമോൻ, നന്ദു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, അംബിക നായർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

സത്യം സിനിമാസും മഹാ സുബൈർ മൂവീക്ഷേത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേമചന്ദ്രൻ എ.ജി., മഹാ സുബൈർ എന്നിവരാണ് നിർമ്മാതാക്കൾ.ഉദയ് കൃഷ്ണയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണവും മനോജ് കണ്ണോത്ത് എഡിറ്റിംഗും നിർവഹിക്കുന്നു. ബിജിബാൽ പശ്ചാത്തല സംഗീതം ഒരുക്കുമ്പോൾ, ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്നു.
