തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസണിനായുള്ള താരലേലം നാളെ തിരുവനന്തപുരത്ത് നടക്കും. അന്താരാഷ്ട്ര ക്രിക്കറ്റ് ലീഗുകളിലും ഐപിഎല്ലിലും ലേലം നിയന്ത്രിച്ച് പരിചയമുള്ള ഓക്ഷനിയർ ചാരു ശർമ്മയാണ് ലേല നടപടികൾക്ക് നേതൃത്വം നൽകുന്നത്.തിരുവനന്തപുരം ദി ലീലാ റാവിസ് ഹോട്ടലിൽ രാവിലെ 10 മണിയോടെ ആരംഭിക്കുന്ന ലേലത്തിൽ ആറ് ഫ്രാഞ്ചൈസികൾ 156 താരങ്ങളെ സ്വന്തമാക്കാൻ മത്സരിക്കും. ലേലത്തിന് ശേഷം വൈകിട്ട് ആറിന് കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) ഭാരവാഹികൾ മാധ്യമങ്ങളെ കാണും. ആരാധകർക്കായി ലേലത്തിന്റെ തത്സമയ സംപ്രേഷണം ജിയോ ഹോട്ട്സ്റ്റാർ ഒടിടി പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കും.
ലേലപ്പട്ടികയിൽ ആകെ 173 താരങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ 17 താരങ്ങളെ ഫ്രാഞ്ചൈസികൾ നേരത്തെ തന്നെ നിലനിർത്തിയിട്ടുണ്ട്. ഏരീസ് കൊല്ലം സെയിലേഴ്സും തൃശൂർ ടൈറ്റൻസും നാല് താരങ്ങളെ വീതവും, കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സും ട്രിവാൻഡ്രം റോയൽസും മൂന്ന് താരങ്ങളെ വീതവും, കൊച്ചി ബ്ലൂ ടൈഗേഴ്സ് രണ്ട് താരങ്ങളെയും, ആലപ്പി റിപ്പിൾസ് ഒരു താരത്തെയും നിലനിർത്തി.
ശേഷിക്കുന്ന 156 താരങ്ങൾക്കായാണ് നാളത്തെ ലേലത്തിൽ ടീമുകൾ തന്ത്രങ്ങളുമായി ഇറങ്ങുന്നത്. ഓരോ ഫ്രാഞ്ചൈസിക്കും പരമാവധി 50 ലക്ഷം രൂപ വരെ ചെലവഴിക്കാം. ഒരു ടീമിൽ കുറഞ്ഞത് 16 താരങ്ങളും പരമാവധി 20 താരങ്ങളും ഉൾപ്പെടുത്താം.

കളിക്കാരുടെ പരിചയസമ്പത്തും പ്രകടനവും അടിസ്ഥാനമാക്കി താരങ്ങളെ മൂന്ന് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ബിസിസിഐയുടെ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ഐപിഎൽ മത്സരങ്ങളിൽ പങ്കെടുത്ത പരിചയസമ്പന്നരായ എ കാറ്റഗറി താരങ്ങളുടെ അടിസ്ഥാന വില മൂന്ന് ലക്ഷം രൂപയാണ്. അണ്ടർ-19, അണ്ടർ-23 തലങ്ങളിൽ മികവ് തെളിയിച്ച ബി കാറ്റഗറി താരങ്ങൾക്ക് 1.5 ലക്ഷം രൂപയും, ജില്ലാ, സോണൽ, കെസിഎ ടൂർണമെന്റുകളിൽ തിളങ്ങിയ സി കാറ്റഗറി താരങ്ങൾക്ക് 75,000 രൂപയുമാണ് അടിസ്ഥാന വില.
മൂന്നാം സീസണിലേക്ക് കടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് ഇതിനോടകം തന്നെ രാജ്യത്തെ ശ്രദ്ധേയമായ പ്രാദേശിക ക്രിക്കറ്റ് ലീഗുകളിലൊന്നായി മാറിയിട്ടുണ്ട്. രണ്ടാം സീസണിൽ സ്റ്റാർ സ്പോർട്സിലൂടെ മാത്രം നാല് കോടിയോളം ആളുകൾ ലീഗ് കണ്ടതായാണ് കണക്ക്. ഫാൻകോഡ് ഒടിടി പ്ലാറ്റ്ഫോമിലൂടെ 70 ലക്ഷത്തിലധികം പേരും ഏഷ്യനെറ്റ് പ്ലസിലൂടെ ഒരു കോടി മുപ്പത് ലക്ഷത്തിലധികം പേരും മത്സരങ്ങൾ വീക്ഷിച്ചു.തമിഴ്നാട് പ്രീമിയർ ലീഗ്, കർണാടക മഹാരാജ പ്രീമിയർ ലീഗ് തുടങ്ങിയ മറ്റ് സംസ്ഥാന ലീഗുകളുമായി താരതമ്യം ചെയ്യുമ്പോൾ കേരള ക്രിക്കറ്റ് ലീഗിന്റെ പ്രേക്ഷക പിന്തുണ വേഗത്തിൽ ഉയരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
