Monday, July 13, 2026

മറ്റ് സംസ്ഥാനങ്ങളിലേക്ക് കരിങ്കല്ല്, എം സാന്‍ഡ്, മെറ്റല്‍ ജെല്ലി കയറ്റുമതി തടഞ്ഞ് തമിഴ്‌നാട്

ചെന്നൈ: തമിഴ്നാട്ടിലെ ആഭ്യന്തര വിപണിയിലുണ്ടായ കടുത്ത ദൗര്‍ലഭ്യം കണക്കിലെടുത്ത് കരിങ്കല്ല്, എം-സാന്‍ഡ്, മെറ്റല്‍ ജെല്ലി എന്നിവ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടയാന്‍ അനുമതി നല്‍കിക്കൊണ്ട് തമിഴ്നാട് സര്‍ക്കാര്‍ അസാധാരണ ഉത്തരവിറക്കി. തമിഴ്നാട് പ്രിവന്‍ഷന്‍ ഓഫ് ഇല്ലീഗല്‍ മൈനിംഗ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്‍ഡ് സ്റ്റോറേജ് ഓഫ് മിനറല്‍സ് നിയമത്തില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ ഭേദഗതി പ്രകാരം ഇത്തരം പ്രകൃതിവിഭവങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്തുന്നത് താല്‍ക്കാലികമായി നിരോധിക്കാനും നിയന്ത്രിക്കാനും ജിയോളജി ആന്‍ഡ് മൈനിംഗ് ഡയറക്ടര്‍ക്ക് പൂര്‍ണ്ണ അധികാരം നല്‍കിയിട്ടുണ്ട്. ഈ അസാധാരണ നീക്കം കേരളം ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളിലെ നിര്‍മ്മാണ മേഖലയെ വരുംദിവസങ്ങളില്‍ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തമിഴ്നാട്ടില്‍ നിലവില്‍ വന്‍തോതില്‍ അനധികൃത ഖനനവും വിഭവക്കടത്തും നടക്കുന്നുണ്ടെന്നും, ഇത് പൂര്‍ണ്ണമായും ഇല്ലാതാക്കണമെന്നും പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. നിലവില്‍ തമിഴ്നാട്ടിലെ ആഭ്യന്തര വിപണിയില്‍ നിര്‍മ്മാണ സാമഗ്രികള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്ന് മാത്രമല്ല, വിലയില്‍ ഏകദേശം 30 ശതമാനത്തോളം വര്‍ദ്ധനവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന് തദ്ദേശീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കാതിരിക്കാന്‍, സംസ്ഥാനത്തെ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച ശേഷം മാത്രം ശേഷിക്കുന്നവ മറ്റ് സംസ്ഥാനങ്ങളിലേക്ക് നല്‍കിയാല്‍ മതി എന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനായി അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ വരുംദിവസങ്ങളില്‍ കര്‍ശനമായ പരിശോധനകളും ഉപരോധവും ഏര്‍പ്പെടുത്തി തുടങ്ങും.

തമിഴ്നാട് സര്‍ക്കാരിന്റെ ഈ പെട്ടെന്നുള്ള നീക്കം കേരളത്തിലെ ചെറുതും വലുതുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ വളരെ ദോഷകരമായി ബാധിക്കുമെന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ ആവശ്യമായ നിര്‍മ്മാണ സാമഗ്രികളുടെ വലിയൊരു പങ്ക് തമിഴ്നാട്ടിലെ അതിര്‍ത്തി ജില്ലകളില്‍ നിന്നാണ് എത്തിക്കുന്നത്. തമിഴ്നാടിന്റെ പുതിയ ഉപരോധം പ്രാബല്യത്തില്‍ വരുന്നതോടെ കേരളത്തിലെ വന്‍കിട ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റുകള്‍ മുതല്‍ സാധാരണക്കാരുടെ വീടുപണി വരെ തടസ്സപ്പെടാനും കടുത്ത കാലതാമസം നേരിടാനും സാധ്യതയുണ്ടെന്ന് ഐഎന്‍ടിയുസി (INTUC) നേതാവ് ഷഹ്നാസ് വ്യക്തമാക്കി. ആഭ്യന്തര വിപണിയിലെ ക്ഷാമം പരിഹരിക്കപ്പെടുന്ന മുറയ്ക്ക് മാത്രമേ ഈ താല്‍ക്കാലിക വിലക്ക് പിന്‍വലിക്കുകയുള്ളൂ എന്നാണ് തമിഴ്നാട് ജിയോളജി വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!