പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. ഇരു ഭാഗങ്ങളുടെയും വാദം കേട്ട ശേഷമാകും പാലക്കാട് ജില്ലാ അഡിഷനൽ സെഷൻസ് കോടതി ശിക്ഷാവിധി പ്രസ്താവിക്കുക.പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം, മാനസിക പ്രശ്നമുള്ളയാളാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. ചെന്താമരയ്ക്ക് മാനസിക അസ്വാസ്ഥ്യമില്ലെന്ന് വ്യക്തമാക്കുന്ന ജില്ലാ സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ട് ഉൾപ്പെടെയുള്ള തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.
കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ, വിധി പറയുന്നതിന് മുൻപ് എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന്, “തന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ” എന്നായിരുന്നു ചെന്താമരയുടെ മറുപടി.

2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും മാതാവ് ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരനെ ആക്രമിക്കുന്നതിനിടെ ശബ്ദം കേട്ട് ഓടിയെത്തിയ ലക്ഷ്മിയെയും പ്രതി വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുധാകരൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ചികിത്സയിലിരിക്കെയാണ് ലക്ഷ്മിയുടെ മരണം സംഭവിച്ചത്.
സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ചെന്താമര ഈ ഇരട്ടക്കൊല നടത്തിയതെന്നതാണ് കേസിലെ നിർണായക സാഹചര്യം. കേസിൽ ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിനായി കോടതിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
