വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകളിൽ നിന്ന് 20 ശതമാനം ഫീസ് ഈടാക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് പിൻമാറി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഗൾഫ് രാജ്യങ്ങളുമായി അമേരിക്ക നടത്തുന്ന പുതിയ വ്യാപാര-നിക്ഷേപ കരാറുകൾ ഈ ഫീസിന് പകരമാകുമെന്ന് അദ്ദേഹം അറിയിച്ചു. ഗൾഫ് ഭരണാധികാരികളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് നിലപാട് മാറ്റമെന്ന് ട്രംപ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചെലവ് കണ്ടെത്താൻ കപ്പലുകളിലെ ചരക്കിന്റെ മൂല്യത്തിന്റെ 20 ശതമാനം ഫീസ് ഈടാക്കുമെന്നായിരുന്നു ട്രംപിന്റെ മുൻ പ്രഖ്യാപനം. ഈ നിർദേശം ആഗോള വ്യാപാര-ഊർജ മേഖലകളിൽ വ്യാപകമായ ആശങ്കയ്ക്കിടയാക്കിയിരുന്നു.
ഗൾഫ് രാജ്യങ്ങളിലെ നേതാക്കൾ അമേരിക്കയിൽ വൻതോതിൽ നിക്ഷേപം നടത്താമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് ഫീസ് ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് ട്രംപ് പറഞ്ഞു. അന്താരാഷ്ട്ര ജലപാതകളിൽ ടോൾ ചുമത്തുന്നത് നിയമപരമായും പ്രായോഗികമായും സങ്കീർണമായ വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ-വാതക വ്യാപാര പാതകളിലൊന്നാണ്. ഇന്ത്യയുടെ അസംസ്കൃത എണ്ണ, എൽഎൻജി, എൽപിജി ഇറക്കുമതിയിലെ വലിയൊരു വിഹിതം ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ 20 ശതമാനം ഫീസ് നടപ്പിലായിരുന്നെങ്കിൽ ഇന്ത്യ ഉൾപ്പെടെയുള്ള ഊർജ ഇറക്കുമതി രാജ്യങ്ങൾക്ക് വലിയ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നായിരുന്നു വിദഗ്ധരുടെ മുന്നറിയിപ്പ്.

ഫീസ് ഒഴിവാക്കിയതോടെ ആഗോള എണ്ണവിപണിയിലെ അനിശ്ചിതത്വത്തിന് താൽക്കാലിക ആശ്വാസമായിരിക്കുകയാണ്. അതേസമയം, ഇറാനുമായി ബന്ധപ്പെട്ട കപ്പലുകൾക്കും തുറമുഖങ്ങൾക്കുമെതിരായ അമേരിക്കയുടെ ഉപരോധ നടപടികൾ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി.
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിലെയും സമീപ സമുദ്ര മേഖലയിലെയും സുരക്ഷാ സാഹചര്യം അന്താരാഷ്ട്ര സമൂഹം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഈ മേഖലയിൽ കൂടുതൽ സംഘർഷം ഉണ്ടാകുന്നത് ആഗോള ഊർജവിതരണത്തെയും ചരക്കുഗതാഗതത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നു.
