കൊച്ചി: കേരളത്തില്‍ 10,000 കോടി രൂപയുടെ നിക്ഷേപത്തോടെ കപ്പല്‍ നിര്‍മ്മാണശാല ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ടാറ്റ ഗ്രൂപ്പ് രംഗത്ത്. കേരളത്തില്‍ ഇത്തരമൊരു നിക്ഷേപ പദ്ധതിയെക്കുറിച്ച് തങ്ങള്‍ ആലോചിക്കുന്നതേയില്ലെന്ന് ടാറ്റ ഗ്രൂപ്പ് പ്രതിനിധി അനൗദ്യോഗികമായി വ്യക്തമാക്കിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷയത്തില്‍ ഇക്കണോമിക് ടൈംസ് അയച്ച ഔദ്യോഗിക ഇമെയിലിനോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, പദ്ധതി നടപ്പാക്കില്ലെന്ന് കമ്പനി വൃത്തങ്ങള്‍ സ്ഥിരീകരിക്കുകയായിരുന്നു.
വിഷയത്തില്‍ പ്രതികരണം നടത്തിയ ടാറ്റ ഗ്രൂപ്പ് പ്രതിനിധിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇക്കണോമിക് ടൈംസ് തയ്യാറായിട്ടില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നാണ് ടാറ്റ ഗ്രൂപ്പ് പ്രതിനിധി വ്യക്തമാക്കിയത്. അല്ലെങ്കില്‍ യുഡിഎഫ് അധികാരത്തിലെത്തി പെട്ടെന്ന് ഫലമുണ്ടാക്കാനുള്ള തിടുക്കത്തില്‍ അദ്ദേഹം പറഞ്ഞതാവാം ഇതെന്നും ടാറ്റ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

നേരത്തെ അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെര്‍ഗിന് നല്കിയ അഭിമുഖത്തിലാണ് കേരളത്തില്‍ ടാറ്റ ഗ്രൂപ്പ് 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന് വിഡി സതീശന് അവകാശപ്പെട്ടത്. ബ്ലൂംബെര്‍ഗ് അഭിമുഖത്തിന്റെ വീഡിയോ താന്‍ കണ്ടിരുന്നുവെന്നും, അദ്ദേഹം യഥാര്‍ത്ഥത്തില്‍ എന്താണോ പറയാന്‍ ഉദ്ദേശിച്ചത് അതുതന്നെയാണോ പറഞ്ഞതെന്ന് താന്‍ അത്ഭുതപ്പെടുകയാണെന്നും ടാറ്റ ഗ്രൂപ്പ് പ്രതിനിധി പറഞ്ഞു.
ടാറ്റയുടെ കപ്പല്‍ നിര്‍മ്മാണ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഭൂമി നല്‍കുമെന്നും ഒരു മാസത്തിനുള്ളില്‍ ഇതിന്റെ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നുമായിരുന്നു വിഡി സതീശന് അഭിമുഖത്തില്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ എവിടെയാണ് പദ്ധതി തുടങ്ങുക എന്നതുള്‍പ്പെടെയുള്ള മറ്റ് വിശദാംശങ്ങളൊന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് അത്തരമൊരു പദ്ധതിയെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന് വ്യക്തമാക്കി ടാറ്റ ഗ്രൂപ്പ് തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
