ടെഹ്റാന്: ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ അനുമതി തേടിയുള്ള അപേക്ഷകളില്‍ ഇന്ത്യയിലേക്ക് പോകുന്നതും ഇന്ത്യയില്‍ നിന്ന് വരുന്നതുമായ കപ്പലുകള്‍ മുന്നിലെന്ന് റിപ്പോര്‍ട്ടുകള്‍. ഈ തന്ത്രപ്രധാനമായ ജലപാതയിലൂടെയുള്ള കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനായി ഇറാന് രൂപീകരിച്ച ‘പേര്‍ഷ്യന്‍ ഗള്‍ഫ് സ്ട്രെയ്റ്റ് അതോറിറ്റി’ (PGSA) പുറത്തുവിട്ട മൂന്നാഴ്ചത്തെ അപേക്ഷകളുടെ കണക്കുകളിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തുള്ളത്. ചൈനയാണ് ഈ പട്ടികയില്‍ രണ്ടാമതുള്ളത്.
ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് പുറത്തുകടക്കാന്‍ അതോറിറ്റിക്ക് ലഭിച്ച ആകെ അപേക്ഷകളില്‍ 20 ശതമാനവും ഇന്ത്യയിലേക്കുള്ള കപ്പലുകളുടേതാണ്. പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് പ്രവേശിക്കാന്‍ അനുമതി തേടിയുള്ള അപേക്ഷകളില്‍ 21 ശതമാനവും ഇന്ത്യന്‍ കപ്പലുകളായിരുന്നു. മേഖലയില്‍ സംഘര്‍ഷം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ കപ്പല്‍ ഗതാഗതത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതായും പേര്‍ഷ്യന്‍ ഗള്‍ഫ് സ്ട്രെയ്റ്റ് അതോറിറ്റി വ്യക്തമാക്കുന്നുണ്ട്.

അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ അശാന്തമായ സാഹചര്യം ഇന്ത്യയുടെ എണ്ണ ശേഖരത്തെ ബാധിച്ചിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. സാധാരണയായി ഈ വഴി എത്തുന്നതിനേക്കാള്‍ കൂടുതല്‍ അളവില്‍ അസംസ്കൃത എണ്ണ നിലവില്‍ സംഭരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇന്ത്യയുടെ എണ്ണ സുരക്ഷ ഭദ്രമാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ, തുടര്‍ച്ചയായ ആറാം ദിവസവും ഇറാനില്‍ അമേരിക്കന്‍ സൈന്യം ശക്തമായ വ്യോമാക്രമണം തുടരുകയാണ്. ഇറാനിലേക്കുള്ള നാവിക ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച മൂന്ന് വാണിജ്യ കപ്പലുകള്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തടഞ്ഞു. ചെങ്കടലിനെയും ഏദന്‍ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന ബാബ് അല്‍ മന്‍ഡബ് കടലിടുക്ക് അടച്ചുപൂട്ടാന്‍ ഹൂതികള്‍ തയ്യാറാകണമെന്ന് ഇറാന് മുന്നറിയിപ്പ് നല്കിയതും മേഖലയിലെ സംഘര്‍ഷ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.
