Sunday, July 19, 2026

മുൻ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ദീർഘകാല വൈദ്യുതി വാങ്ങൽ കരാർ റദ്ദാക്കപ്പെട്ടതാണ് പ്രധാന കാരണങ്ങളിലൊന്നെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പകൽ സമയത്ത് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാണെങ്കിലും ആവശ്യകത കൂടുതലുള്ള രാത്രിയിൽ ഉയർന്ന വില നൽകി വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണുള്ളതെന്ന് മന്ത്രി പറഞ്ഞു.

വലിയ വേനൽക്കാലത്ത് വായ്പയായി വാങ്ങിയ വൈദ്യുതി ഇപ്പോൾ തിരിച്ചുനൽകിക്കൊണ്ടിരിക്കുകയാണെന്നും സംസ്ഥാനത്തിന് പകലും രാത്രിയും വൈദ്യുതി വാങ്ങാൻ നിർബന്ധിതരാകേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമൂലം സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുന്നതായും മന്ത്രി പറഞ്ഞു.

ദീർഘകാല കരാർ റദ്ദാക്കിയ മുൻ പിണറായി വിജയൻ സർക്കാരിനെതിരെയാണ് സമരം ചെയ്യുന്നവർ പ്രതിഷേധിക്കേണ്ടതെന്നും കരാർ പാലിക്കാനോ നടപ്പാക്കാനോ അന്നത്തെ സർക്കാർ തയ്യാറായിരുന്നില്ലെന്നും സണ്ണി ജോസഫ് ആരോപിച്ചു.

ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനുള്ള ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

എം.എം. മണിയുടെ വിമർശനത്തിന് മറുപടി നൽകവെ, അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. എം.എം. മണി മന്ത്രിയായിരുന്നപ്പോൾ എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. മുൻ സർക്കാരിന്റെ കാലത്തും വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നുവെന്നും ഏപ്രിൽ മാസത്തിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കെ.എസ്.യു-മുഖ്യമന്ത്രി വിവാദത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും പരസ്യ വിമർശനങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നും പറഞ്ഞു. പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ ഉന്നയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!