ഓട്ടവ : ചോക്ക് റിവർ ലബോറട്ടറീസ് സൈറ്റിലെ ആണവ മാലിന്യ നിർമ്മാർജ്ജനത്തിന് ഡീപ് റിവറിൽ സൗകര്യമൊരുക്കാൻ അനുമതി നൽകി കനേഡിയൻ ന്യൂക്ലിയർ സേഫ്റ്റി കമ്മീഷൻ (സിഎൻഎസ്‌സി).
തദ്ദേശീയ രാഷ്ട്രീയ പാർട്ടികളുമായി സഹകരിച്ച് പരിസ്ഥിതി നിരീക്ഷണമുൾപ്പെടെ തുടർനടപടികൾ പൂർത്തിയാക്കിയാൽ പദ്ധതിക്ക് കാര്യമായ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയില്ലെന്ന് സിഎൻഎസ്‌സി പറഞ്ഞു.
ഓട്ടവ നദിയിൽ നിന്ന് 1.2 കിലോമീറ്റർ അകലെയായി 16 ഹെക്‌ടർ വിസ്തൃതിയിൽ നിർമിക്കാനൊരുങ്ങുന്ന ആണവ മാലിന്യ നിർമ്മാർജ്ജന പദ്ധതിയിൽ ഒരു ദശലക്ഷം ടൺ വരെ റേഡിയോ ആക്ടീവ് മാലിന്യങ്ങൾ സംഭരിക്കാൻ സാധിക്കും.

എന്നാൽ ഓട്ടവ ഉൾപ്പെടെയുള്ള നിരവധി കമ്മ്യൂണിറ്റികളുടെ കുടിവെള്ള സ്രോതസ്സായ നദിയെ ഇത് മലിനമാക്കുമെന്ന എതിർപ്പുകളും ഉയർന്ന് കേൾക്കുന്നുണ്ട്.
2016-ൽ ആരംഭിച്ച മൾട്ടി-ഇയർ റെഗുലേറ്ററി റിവ്യൂ, ഹിയറിംഗ് പ്രക്രിയയിലുടനീളം ലഭിച്ച രേഖകളും ശ്രദ്ധാപൂർവം പരിഗണിച്ചതായി CNSC പറഞ്ഞു. പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി നിരവധി തദ്ദേശീയ ഗ്രൂപ്പുകൾ രംഗത്തെത്തിയിരുന്നു.
