നയാഗ്ര ഫോൾസ് : നഗരത്തിലെ വീട്ടിൽ നിന്നും സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ രണ്ടാം പ്രതിയും അറസ്റ്റിൽ. സെപ്റ്റംബർ 4-ന് ക്വീൻ എലിസബത്ത് വേ-ഹൈവേ 420 ഇൻ്റർചേഞ്ചിനടുത്തുള്ള ബീവർ ഗ്ലെൻ ഡ്രൈവിലെ വീട്ടിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. അജ്ഞാത സന്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതെന്ന് നയാഗ്ര റീജൻ പൊലീസ് സർവീസ് (എൻആർപിഎസ്) അറിയിച്ചു. താഹ സ്ലീമാൻ (21), മാലിക് സ്ലീമാൻ (26) എന്നിവരാണ് അറസ്റ്റിലായത്.

തുടർന്ന് നടന്ന അന്വേഷണത്തിൽ വീടിനുള്ളിൽ നിന്നും നിരവധി ഭാഗങ്ങളായി വേർപ്പെടുത്തിയ രൂപത്തിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ ഒരു ദിവസത്തിന് ശേഷം ഒന്നാം പ്രതി താഹ സ്ലീമാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ സ്‌ഫോടകവസ്തുക്കൾ ഉണ്ടാക്കുക, കൈവശം വയ്ക്കുക, നിയമവിരുദ്ധമായി സ്‌ഫോടകവസ്തുക്കൾ കൈവശം വയ്ക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. അതേസമയം, കണ്ടെത്തിയ സ്ഫോടകവസ്തുക്കളെക്കുറിച്ചോ അജ്ഞാത സന്ദേശത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.

ശനിയാഴ്ച്ച ചാത്താം-കെൻ്റിലെ ഒരു വീട്ടിൽ നടത്തിയ റെയ്‌ഡിലാണ് രണ്ടാം പ്രതി മാലിക് സ്ലീമാൻ അറസ്റ്റിലായത്. സ്‌ഫോടക വസ്തു ഉണ്ടാക്കുക, കൈവശം വയ്ക്കുക, നിയമവിരുദ്ധമായി സ്‌ഫോടകവസ്തുക്കൾ കൈവശം വയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾ നേരിടുന്നത്. അതേസമയം, അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് എൻആർപിഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
