മൺട്രിയോൾ : കെബെക്കിലെ പോസ്റ്റ്-സെക്കൻഡറി വിദ്യാർത്ഥികൾ കടുത്ത പട്ടിണി അനുഭവിക്കുന്നതായി റിപ്പോർട്ട്. ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കുതിച്ചുയർന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കറുത്ത, ലാറ്റിൻ, അറബ് വിദ്യാർത്ഥികളെയാണ് ഭക്ഷ്യ അരക്ഷിതാവസ്ഥ ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

വിദ്യാർത്ഥികൾക്ക് അത്താഴത്തിന് പായ്ക്ക് ചെയ്ത നൂഡിൽസ് കഴിക്കുന്നത് അസാധാരണമല്ലെങ്കിലും ശമ്പളമില്ലാതെ ഇൻ്റേൺഷിപ്പ് ചെയ്യുന്നതിനിടയിൽ ഭക്ഷണം ഒഴിവാക്കുന്നത് പതിവായിട്ടുണ്ടെന്ന് കെബെക്ക് സ്റ്റുഡൻ്റ് യൂണിയൻ (ക്യുഎസ്യു) പ്രസിഡൻ്റ് എറ്റിയെൻ പാരെ പറയുന്നു. പരിമിതമായ സാമ്പത്തിക സ്രോതസ്സുകൾ കാരണവും പകർച്ചവ്യാധിയും പണപ്പെരുപ്പവും രൂക്ഷമായതിനാൽ വിദ്യാർത്ഥികൾ ഭക്ഷ്യ അരക്ഷിതാവസ്ഥയ്ക്ക് കൂടുതൽ ഇരയാകുന്നുവെന്ന് എറ്റിയെൻ പറഞ്ഞു. പാർട്ട് ടൈം ജോലി ചെയ്യുമ്പോൾ വിദ്യാർത്ഥികൾ പലപ്പോഴും വാടക, ഗതാഗതം, പാഠപുസ്തകങ്ങൾ, ട്യൂഷൻ എന്നിവയുടെ ചെലവുകൾക്കായി തങ്ങളുടെ ഭക്ഷണം ഒഴിവാക്കുന്നതായി എറ്റിയെൻ പാരെ അറിയിച്ചു. അടിയന്തര നടപടികളിലൂടെ വിദ്യാർത്ഥി ഗ്രൂപ്പുകളും യൂണിയനുകളും ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്, എറ്റിയെൻ പറഞ്ഞു.
കോൺകോർഡിയ യൂണിവേഴ്സിറ്റി കാമ്പസിൽ ദിവസേന സൗജന്യ ചൂടുള്ള സസ്യഭക്ഷണവും ദ്വൈവാര ഫുഡ് ബാങ്കും നടത്തുന്നുണ്ടെങ്കിലും സൗജന്യ ഉച്ചഭക്ഷണം പലപ്പോഴും തികയാറില്ലെന്ന് എറ്റിയെൻ പറയുന്നു. അതേസമയം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ഒരു സെമസ്റ്ററിന് 100 ഡോളർ ഗ്രോസറി സ്റ്റോർ സമ്മാന കാർഡ് നൽകുന്ന എമർജൻസി ഫുഡ് ഫണ്ട് കോൺകോർഡിയ സ്റ്റുഡൻ്റ് യൂണിയന് (CSU) നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം, CSU 160,000 ഡോളർ മൂല്യമുള്ള ഗിഫ്റ്റ് കാർഡുകൾ നൽകി.

കെബെക്കിലെ ഏറ്റവും വലിയ ഫുഡ് ബാങ്കിലേക്ക് എത്തുന്നവരുടെ എണ്ണം ഓരോ മാസവും 29 ലക്ഷത്തിലധികമായതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2021-നെ അപേക്ഷിച്ച് 55% വർധനവാണിത്. പ്രവിശ്യയിലെ ഫുഡ് ബാങ്ക് ഉപയോക്താക്കളിൽ 87 ശതമാനവും വാടകക്കാരാണെന്നും 10.5% വിദ്യാർത്ഥികളുമാണെന്ന് ഫുഡ് ബാങ്ക്സ് ഓഫ് കെബെക്ക് പറയുന്നു. 2019-ൽ, 6,619 വിദ്യാർത്ഥികൾ മാത്രമാണ് ഫുഡ് ബാങ്കുകളെ ആശ്രയിച്ചിരുന്നതെങ്കിൽ 2024 ആയപ്പോഴേക്കും ആ എണ്ണം ഏകദേശം 10,000 പേർ വർധിച്ച് 16,652 ആയി.
